isis

കണ്ണൂർ: വിനോദയാത്രയ്‌ക്കെന്ന വ്യാജേന വിദേശത്തേക്ക് കടന്ന കണ്ണൂരിലെ ഒരു കുടുംബത്തിലെ പത്ത് പേർ ഐസിസിൽ ചേർന്നതായും നാല് പേർ കൊല്ലപ്പെട്ടതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കണ്ണൂർ സിറ്റി പൊലീസ് പരിധിയിലെ ഒരു വീട്ടിൽ നിന്നുമാണ് പത്ത് പേർ ഐസിസിൽ ചേർന്നത്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ ടി.വി ഷമീർ, അൻവർ എന്നിവരുടെ ഭാര്യമാരും മക്കളുമാണ് ഐസിസിൽ ചേർന്നതെന്ന് പൊലീസ് വ്യക്തമാക്കി. ടി.വി ഷമീറും കുടുംബവുമാണ് ആദ്യം ഐ.എസിൽ എത്തിയത്. തുടർന്ന് അൻവറും കുടുംബവും എത്തിപ്പെടുകയായിരുന്നു.

കഴി‌ഞ്ഞ ഡിസംബർ 13നായിരുന്നു കണ്ണൂർ ജില്ലയിലെ അഴീക്കോട് പൂതപ്പാറയിലെ രണ്ട് കുടുംബങ്ങളിലുള്ളവർ ഐസിസിലേക്ക് ചേരാനായി രാജ്യം വിട്ടു എന്ന വാർത്ത പുറത്തുവന്നത്. മൈസൂരിലേക്ക് യാത്രപോകുന്നു എന്ന് അടുപ്പമുള്ളവരോട് പറഞ്ഞാണ് ഇവർ നവംബർ 20ന് നാട് വിട്ടത്. എന്നാൽ മടങ്ങി വരാത്തതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ രാജ്യം വിട്ടതായി കണ്ടെത്തിയത്. ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്ക് എത്തിയ ഇവർ അവിടെ നിന്നും മുങ്ങിയെന്ന വിവരമാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്. ഐസിസിലേക്ക് ചേരുന്നതിനായി ഈ പത്ത്‌പേരും അഫ്ഗാനിസ്ഥാനിലേക്ക് എത്തിയിട്ടുണ്ടെന്ന് പൊലീസ് സംശയിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം ഏകദേശം 35 പേർ ഐസിസിൽ ചേർന്നതായതാണ് വിവരം. ഇതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

ഇതിന് മുൻപും കേരളത്തിൽ നിന്നും ഐസിസിൽ ചേർന്നവർ അഫ്ഗാനിസ്ഥാനിലാണ് എത്തിയിരുന്നത്. മുൻപ് കേരളത്തിൽ നിന്നും പോയവരൊന്നും ഇപ്പോൾ ജീവനോടെയുള്ളതായിട്ടുള്ള വിവരം ലഭ്യമല്ല. അഫ്ഗാനിസ്ഥാനിൽ ഭീകര കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ മിസൈലാക്രമണങ്ങളിൽ ഇവരെല്ലാം കൊല്ലപ്പെട്ടതായിട്ടാണ് വിവരം. സിറിയയിലും, ഇറാഖിലെയും ഐസിസ് കേന്ദ്രങ്ങൾ ഭൂരിഭാഗവും ആക്രമണങ്ങളിൽ തകർന്നിരിക്കുകയാണ്. ഇതിനെ തുടർന്നാണ് അഫ്ഗാനിസ്ഥാനിൽ ഐസിസ് കേന്ദ്രീകരിക്കുന്നത്.