ridwan-

കല്യാണദിവസം ഏതൊരാളുടെയും ജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നാണ്. ജീവിതകാലം മുഴുവൻ ഓർത്തുവയ്‌ക്കാൻ കഴിയുന്ന ഒരായിരം അനുഭവങ്ങൾ സമ്മാനിക്കാനും ഈ ദിവസത്തിനാകും. എന്നാൽ ആദ്യരാത്രിയിൽ തന്നെ മണിയറയിൽ നിന്നും വരൻ മുങ്ങിയാൽ എന്തായിരിക്കും സ്ഥിതി. അങ്ങനെ മുങ്ങി ഫുട്ബാൾ ഗ്രൗണ്ടിൽ എത്തിയ ഒരു വരനെ നമ്മൾ കുറച്ചുദിവസങ്ങൾക്ക് മുമ്പ് അങ്ങ് മലപ്പുറത്ത് കണ്ടിരുന്നു. വണ്ടൂർ ഐലാശ്ശേരി സ്വദേശി റിദ്‌‌വാനാണ് കല്യാണദിവസം തന്നെ ഒലവക്കോട് സ്വദേശിനി ഫായിദയെ മണിയറയിൽ തനിച്ചാക്കി മുങ്ങിയത്.

സോഷ്യൽ മീഡിയയടക്കം ചർച്ച ചെയ്ത ആ ഫുട്ബോൾ പ്രേമിയായ യുവാവിനെ തേടി ഇപ്പോൾ കേന്ദ്ര കായിക മന്ത്രിയുടെ പ്രശംസയും എത്തിയിരിക്കുകയാണ്. കൂടാതെ അഭിമുഖങ്ങൾ തേടി ദേശീയ മാദ്ധ്യമങ്ങൾ വരെ മലപ്പുറത്തേക്ക് എത്തുകയാണ്. വണ്ടൂർ അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിലെ മത്സരത്തിനാണ് റിദ്‌വാൻ കല്യാണദിവസം പോയത്. ആലുക്കാസ് തൃശൂരിനെതിരെയുള്ള സെമിഫൈനൽ മത്സരം അന്നു രാത്രി നടക്കുന്ന വിവരം റിദ്‌വാൻ അറിയുന്നതു വിവാഹ ദിനം രാവിലെയായിരുന്നു. ഇതേ ടീമിനോട് കഴിഞ്ഞ ടൂർണമെന്റിൽ തോറ്റതിന്റെ വാശി ഉള്ളിലുണ്ടായിരുന്ന റിദ്‌വാൻ എന്ത് വില കൊടുത്തും കളത്തിലിറങ്ങണമെന്ന് തീരുമാനിക്കുകയായിരുന്നു. വിവാഹച്ചടങ്ങിനിടയിൽ വച്ച് തന്നെ ഫായിദയോട് കാര്യം പറഞ്ഞു. വൈകിട്ട് ആറോടെ സത്കാരമെല്ലാം പൂർത്തിയാക്കി ബൈക്കുമെടുത്ത് നേരെ ഗ്രൗണ്ടിലേക്ക്. വാശിയേറിയ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളോടെ റിദ്‌വാന്റെ ടീം ഫൈനലിലെത്തി.

റിദ്‌വാന്റെ ഫുട്‌ബോൾ പ്രേമത്തെ ട്വിറ്ററിലൂടെ അഭിനന്ദിച്ച കേന്ദ്ര കായികമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് യുവാവിനെ നേരിൽ കാണാൻ താൽപര്യമുണ്ടെന്നും സന്ദേശമയച്ചിരുന്നു. സി.എൻ.എൻ അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങൾ റിദ്‌വാനുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു.