തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ പൊലീസുകാരെ തല്ലിച്ചതച്ച കേസിലെ മുഖ്യപ്രതിയായ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം നസീം പൊലീസിൽ കീഴടങ്ങി. ഇയാൾ മന്ത്രിമാരായ എ.കെ. ബാലനും കെ.ടി. ജലീലും തിങ്കളാഴ്ച വൈകിട്ട് യൂണിവേഴ്സിറ്റി കോളേജിൽ പങ്കെടുത്ത പൊതുപരിപാടിയുടെ സദസിൽ ഉണ്ടായിട്ടും പിടിക്കാത്തതിൽ പൊലീസിനെതിരെ വൻ വിമർശനം ഉയരുന്നതിനിടെയാണ് നാടകീയമായ കീഴടങ്ങൽ.
സീമും കൂട്ടാളിയും ഒളിവിലാണെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയ കന്റോൺമെന്റ് പൊലീസ് ആദ്യവസാനം പരിപാടിയിൽ ഉണ്ടായിട്ടും പ്രതിയെ കണ്ടഭാവം നടിക്കാത്തത് ഏറെ വിമർശനങ്ങൾക്ക ഇടയാക്കിയിരുന്നു. സി.ഐമാർ അടക്കമുള്ള പൊലീസുകാർ മന്ത്രിമാർ പങ്കെടുത്ത ചടങ്ങിൽ സുരക്ഷയൊരുക്കാനെത്തിയിരുന്നു. നസീം വനിതാമതിൽ ഉൾപ്പെടെയുള്ള സി.പി.എം പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് നേരത്തേ ഉയർന്ന ആക്ഷേപം ശരിവയ്‌ക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ സംഭവം. നിരവധി കേസുകളിൽ പ്രതിയായ നസീം അറസ്റ്റിലായാൽ ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്നതിനാൽ ഉന്നത നേതാക്കളുടെ ഒത്താശയോടെയാണ് പൊലീസ് സംരക്ഷണം നൽകുന്നതെന്നാണ് വിവരം. നസീമിനെ പിടികൂടണമെന്നാവശ്യപ്പെട്ട് മർദ്ദനത്തിൽ പരിക്കേറ്റ പൊലീസുകാരന്റെ മാതാപിതാക്കൾ നൽകിയ പരാതി പൂഴ്‌ത്തിയതായും ആരോപണം ഉയർന്നിരുന്നു. ഇതിനിടയിലാണ് ബുധനാഴ്‌ച ഉച്ചയോടെ കന്റോൺമെന്റ് സ്‌റ്റേഷനിലെത്തി നസീം കീഴടങ്ങിയത്.
ഡിസംബർ 12ന് പാളയം യുദ്ധസ്‌മാരകത്തിന് സമീപമായിരുന്നു സംഭവം. നിയമം ലംഘിച്ചതിന് ബൈക്ക് തടഞ്ഞ എസ്.എ.പി ക്യാമ്പിലെ വിനയചന്ദ്രൻ, ശരത് എന്നീ പൊലീസുകാരെയാണ് പത്തോളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചത്. കേസിലെ പ്രതികളായ ആരോമൽ, ശ്രീജിത്ത്, അഖിൽ, ഹൈദർ എന്നിവർ പൂജപ്പുര സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.