mammootty

'പേരൻപ്' കണ്ട എല്ലാ പ്രേക്ഷകരും മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ടിരിക്കുകയാണ്. അമുദനായി മമ്മൂട്ടിയുടെ പരകായപ്രവേശം മഹാനടന്റെ തിരിച്ചുവരവാണെന്നാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരുടെയും അഭിപ്രായം. എന്നാൽ ചിത്രം റിലീസ് ചെയ്യാൻ ഒരു ദിവസം ബാക്കിനിൽക്കെ സിനിമയുടെ നൃത്ത സംവിധായകൻ നന്ദയുടെ വാക്കുകളാണ് ഇപ്പോൾ സിനിമാലോകത്തെ അത്ഭുതപ്പെടുത്തുന്നത്.

ചിത്രത്തിൽ മമ്മൂട്ടിയുടെ അഭിനയം കണ്ട് കരഞ്ഞുപോയ സംഭവത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. മകളുടെ മുന്നിൽ മമ്മൂട്ടി സാർ ഡാൻസ് ചെയ്യേണ്ട രംഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. ഇതിനായി പതിനഞ്ച് ദിവസമായിരുന്നു പ്ലാൻ ചെയ്തിരുന്നത്. അങ്ങനെ ഒരു ദിവസം മമ്മൂക്ക ചിത്രീകരണത്തിന് തയ്യാറായി എത്തി. പിന്നീട് കണ്ടത് മമ്മൂട്ടി സാറിന്റെ ഗംഭീര പ്രകടനമായിരുന്നു..

''ആറ് മിനിറ്റ് ഷോട്ട് ഒറ്റ ടേക്കിൽ തന്നെ അദ്ദേഹം പൂർത്തിയാക്കുകയായിരുന്നു. എന്നിട്ടും അദ്ദേഹം അഭിനയം നിർത്തിയില്ല. അഭിനയം തുടർന്നുകൊണ്ടേയിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാരും,​ മേക്കപ്പ്മാൻ തുടങ്ങി ചുറ്റുമുള്ളവരെല്ലാം പൊട്ടിക്കരയുകയായിരുന്നു..,​ ഒരുപാട് ദിവസമെടുത്ത് പ്ലാൻ ചെയ്ത ആ രംഗം വെറും അഞ്ചു നിമിഷം കൊണ്ടാണ് മമ്മൂട്ടി സാർ പൂർത്തിയാക്കിയത്'' - നന്ദ പറഞ്ഞു.

അമുദൻ എന്ന ടാക്സി ഡ്രൈവറായി മമ്മൂട്ടിയും സ്പാസ്റ്റിക് പാരലാസിസ് എന്ന സവിശേഷ ശാരീരിക മാനസികാവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരൻപ്. 'തങ്കമീൻകൾ' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച സാധനയാണ് മമ്മൂട്ടിയുടെ മകളായി ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

ട്രാൻസ്ജൻഡറായ അഞ്ജലി അമീർ,​ സംവിധായകനും നടനുമായ സമുദ്രകനി,​ മലയാളത്തിന്റെ പ്രിയ നടൻമാരായ സിദ്ധിഖ്,​ സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിലുണ്ട്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. റാമിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പേരൻപ് നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ചിരുന്നു. ചിത്രം ഫെബ്രുവരി ഒന്നിന് തീയേറ്ററുകളിലെത്തും.