communal-clashes

വാഷിംഗ്‌ടൺ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി തീവ്രഹിന്ദുത്വ നിലപാടുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഇന്ത്യയിൽ വൻതോതിലുള്ള വർഗീയ കലാപത്തിന് സാദ്ധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ്. 2019ൽ തെക്കൻ ഏഷ്യൻ രാജ്യങ്ങളിലെ സംഘർഷം വലിയ തോതിൽ വർദ്ധിക്കുമെന്നും ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിലുള്ള ഭീഷണിയെക്കുറിച്ച് യു.എസ് ഇന്റലിജൻസ് വിഭാഗം നടത്തിയ വിലയിരുത്തലിലാണ് ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് സംബന്ധിച്ച ഈ അഭിപ്രായം വ്യക്തമാക്കിയത്.


പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാരതീയ ജനതാ പാർട്ടിയും തീവ്രഹിന്ദുത്വ നിലപാടുകളിൽ ഉറച്ചു നിന്നാൽ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ വർഗീയ കലാപത്തിനുള്ള സാദ്ധ്യത കൂടുതലാണ്. മോദിയുടെ ഭരണകാലത്ത് ബി.ജെ.പിയുടെ നയങ്ങൾ ചില സംസ്ഥാനങ്ങളിൽ വർഗീയ സംഘർഷങ്ങൾ സൃഷ്ടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ വർഗീയ സംഘർഷങ്ങൾ വർദ്ധിക്കുന്നത് ഇന്ത്യൻ മുസ്ലിങ്ങളെ അന്യവത്കരിക്കുകയും അവരിൽ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അഫ്ഗാനിസ്ഥാനിൽ ജൂലായ് മദ്ധ്യത്തോടെ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ്, താലിബാന്റെ വർധിക്കാനിടയുള്ള ഭീകരാക്രമണങ്ങൾ, ഭീകരസംഘടനകളോട് പാകിസ്ഥാൻ സ്വീകരിക്കുന്ന മൃദുസമീപനം, തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യയിലുണ്ടാകാനിടയുള്ള വർഗീയ കലാപങ്ങൾ എന്നിവയാണ് തെക്കൻ ഏഷ്യൻ രാജ്യങ്ങളെ സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നത്.