കൊടുങ്ങല്ലൂർ: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ മുന്നാക്ക ജാതി സംവരണം, സംവരണത്തിന്റെ സങ്കൽപ്പങ്ങളെ അട്ടിമറിക്കുന്നതും ഭരണഘടനാ ലംഘനവുമാണെന്ന് വി.ടി. ബൽറാം എം.എൽ.എ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി കൊണ്ടു വന്ന ഈ ഇടപാടിനെ സാമ്പത്തിക സംവരണമെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാത്യാലുള്ളത് പണത്താൽ പോകുമോ എന്ന ചോദ്യമുയർത്തി, സംവരണം ആർക്ക് എന്തിന് എന്നതിനെ അധികരിച്ച് എൽത്തുരുത്തിൽ പ്രതീക്ഷാ സാംസ്‌കാരികവേദി സംഘടിപ്പിച്ച ജനകീയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽത്തുരുത്ത് ശ്രീ വിദ്യാപ്രകാശിനി സഭ ഹാളിൽ സംഘടിപ്പിച്ച ജനകീയ സംവാദത്തിൽ സെന്റ് ജോസഫ് കോളേജിലെ മലയാളം അദ്ധ്യാപകൻ അമൽ സി. രാജൻ വിഷയാവതരണം നടത്തി.
മുന്നാക്ക ജാതി സംവരണത്തിനായി നടത്തിയ ഭരണഘടനാ ഭേദഗതി, ഭരണഘടനാപരമായ അയിത്താചരണമാണെന്ന് അമൽ ചൂണ്ടിക്കാട്ടി. ഇത് ആർട്ടിക്കിൾ 15,16 വകുപ്പുകളുടെ മാത്രമല്ല, അയിത്തം നരോധിച്ച 17 ന്റെ കൂടി ലംഘനമാണ്. ആർട്ടിക്കിൾ 46 എന്ന നിർദ്ദേശക തത്വത്തിലെ അവശ വിഭാഗങ്ങൾ എന്ന വാക്കിനെ ദുർവ്യാഖ്യാനം ചെയ്താണ് ഈ ബില്ലവതരിപ്പിച്ചിരിക്കുന്നത്.
ആർട്ടിക്കിൾ 48നെ ദുർവ്യാഖ്യാനം ചെയ്ത് ഗോവധ നിരോധനം നടപ്പാക്കി എന്ന് ആരോപിക്കുന്ന ഇടതുപക്ഷം ആർട്ടിക്കിൾ 46ന്റെ ലംഘനത്തിന് നേരെ കണ്ണടക്കുന്നത് വഞ്ചനാപരമാണെന്നും അമൽ സി.രാജൻ ആരോപിച്ചു. അഡ്വ. അനൂപ് കുമാരൻ മോഡറേറ്ററായ സംവാദത്തിൽ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, ദളിത് ആക്ടിവിസ്റ്റ് വിനീത വിജയൻ, സി.സി. വിപിൻചന്ദ്രൻ, ആർ.കെ. ബേബി, അഡ്വ. പി.എച്ച്. മഹേഷ്, കെ.ജി. ശശിധരൻ, യൂസഫ് പടിയത്ത്, എം.പി. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു