prem-nazeer

നടൻ പ്രേംനസീറും ജയനും മലയാളത്തിന്റെ അനശ്വര നടൻമാരാണ്. ഇവർ തമ്മിലുള്ള സൗഹൃദവും സിനിമാ ലോകത്തിന് ഏറെ പ്രിയമാണ്. ജയനും നസീറിന്റെ കുടുബവും തമ്മിലുള്ള അഗാധ ബന്ധത്തെ കുറിച്ച് പറയുകയാണ് നസീറിന്റെ മകൻ ഷാനവാസ്. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പഴയകാല ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചത്.

'മദ്രാസിൽ സിനിമാ ഷൂട്ടിംഗിനായി എത്തിയാൽ ജയൻ ഞങ്ങളുടെ വീട്ടിലേക്കാണ് ആദ്യം വരുന്നത്. ഷൂട്ടിംഗ് വാഹനം ഉണ്ടെങ്കിലും രാവിലെ പ്രാതൽ കഴിഞ്ഞാൽ ഫാദർ അദ്ദേഹത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിക്കും. മിക്ക സിനിമകളും രണ്ട് പേരും ഒന്നിച്ചാണ് അഭിനയിക്കുന്നത്,​ അല്ലാത്ത സിനിമകളാണെങ്കിൽ ഫാദർ പോകുന്ന വഴി ജയനെ അവിടെ എത്തിക്കാറാണ് പതിവ്. വീട്ടിലെ ഒരംഗത്തെപോലെയായിരുന്ന അദ്ദേഹത്തിനോട് സ്വാഭാവികമായി എനിക്കും വളരെ അടുപ്പമായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ജയന്റെ മരണവാർത്ത അറിയുന്നത്. അദ്ദേഹത്തിന്റെ മരണവാർത്ത ഞങ്ങളെ വല്ലാതെ വിഷമിപ്പിച്ചു. നസീറിന് വലതുകൈ പോലെയായിരുന്നു ജയൻ. അദ്ദേഹം മരിക്കുമ്പോൾ ഞാൻ മദ്രാസിലുണ്ടായിരുന്നു. ഫാദർ ഒരു സിനിമയുടെ ഷൂട്ടിംഗുമായി കേരളത്തിലും. മരണവാർത്തയറിഞ്ഞ ഉടൻ ഫാദർ എന്നെ വിളിച്ച് നീ എല്ലാ കാര്യങ്ങളും നോക്കണേ,​ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുന്നതിനാൽ ഫാദറിന് ചെന്നൈയിലേക്ക് വരാൻ അസൗകര്യമുണ്ടെന്നും പറഞ്ഞു.

അന്ന് തമിഴ്നാട്ടിൽ ഒരു സിനിമാ സംഘടന ഉണ്ടായിരുന്നു. നിരവധി അംഗങ്ങളുള്ള ഒരു സംഘടനയായിരുന്നു അത്. പക്ഷേ ജയന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി ആരും ശ്രമിച്ചില്ല. എല്ലാവരും നാട്ടിൽ കൊണ്ട് പോകണം എന്ന് മാത്രം പറഞ്ഞുകൊണ്ടിരുന്നു. അതിനുള്ള പണം മുടക്കാൻ ആരും തയ്യാറായില്ല എന്നതാണ് സത്യം. ഞാനക്കാര്യം ഫാദറിനോട് വിളിച്ച് പറഞ്ഞു. 'വീട്ടിലിരിക്കുന്ന പണം എടുക്കൂ,​ അത് മതിയായില്ലെങ്കിൽ ബാങ്കിൽ ചെല്ലൂ,​ എത്ര പണമായാലും വേണ്ടിയില്ല എനിക്ക് ജയനെ ഇവിടെ കാണണം'. അദ്ദേഹത്തിന്റെ ശരീരം നാട്ടിലെത്തിക്കണമെന്ന് പറഞ്ഞു.

ഞാൻ അതിന് വേണ്ട ഏർപ്പാടുകൾ ചെയ്തു. ഒടുവിൽ ചാർട്ടേഡ് ഫ്ലൈറ്റ് റെ‌ഡിയാക്കിയപ്പോഴേക്കും നേരത്തേ പറഞ്ഞ സംഘാടകരെല്ലാം ഫ്ലൈറ്റിൽ കയറുകയും ഞങ്ങളെല്ലാം പുറത്താവുകയും ചെയ്തു തുടർന്ന് അവർ ജയന്റെ ശരീരവുമായി നാട്ടിലേക്ക് കൊണ്ട് പോവുകയും ചെയ്തു'. - ഷാനവാസ് പറഞ്ഞു.

വീഡിയോ കാണാം...

1981ൽ കോളിളക്കത്തിന്റെ അവസാന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ ഹെലികോപ്ടറിൽ നിന്ന് വീണുണ്ടായ അപകടത്തിലാണ് മലയാളത്തിന്റെ അനശ്വര നടൻ മരണമടഞ്ഞത്. കേരളക്കരയെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയ മരണമായിരുന്നു ജയന്റേത്.