snapdeal

തട്ടിപ്പിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒന്ന് ആദ്യമായിരിക്കും. കോട്ടയം സ്വദേശിയായ ഒരു യുവാവിനെ ഓൺലൈൻ വിപണന സൈറ്റായ സ്നാപ്പ് ഡീൽ ലക്ഷപ്രഭുവാക്കിയ കഥയാണ് പറഞ്ഞുവരുന്നത്. പേരും വിലാസവും ജാതകവും വരെ ചോർത്തിയെടുത്ത് വ്യാജ ഓഫറുകൾ നൽകുന്ന തട്ടിപ്പ് കഥകളുടെ കൂട്ടത്തിലേക്ക് പുതിയൊരെണ്ണം കൂടി എത്തിയിരിക്കുയാണ്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ സ്നാപ് ഡീലിനെ കൂട്ടുപിടിച്ചാണ് പുതിയ തരം തട്ടിപ്പ്. പത്തു ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ പോസ്റ്റൽ വഴി അയച്ചാണ് സാധാരണക്കാരെ ഇത്തരക്കാർ വലയിൽ വീഴ്ത്തുന്നത്.

ഇതിന് പിന്നാലെ ആധാർ കാർഡ് നമ്പറും ബാങ്ക് വിവരം നൽകേണ്ട താമസം നിങ്ങളെ ലക്ഷപ്രഭുവാക്കി മാറ്റും എന്നതാണ് വാഗ്ദാനം. സ്നാപ് ഡീൽ കമ്പനിക്ക് ഇത്തരമൊരു സംഗതിയെക്കുറിച്ച് കേട്ടുകേൾവിപോലും ഉണ്ടായിരിക്കില്ല എന്നതാണ് മറ്റൊരു സത്യം. ബാങ്ക് ഡീറ്റയിൽസ് ഉൾപ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങൾ യാതൊരു കാരണവശാലും കൈമാറരുതെന്ന് പൊലീസിന്റേയും ബാങ്ക് അധികൃതരുടേയും കർശന മുന്നറിയിപ്പ് ഉള്ളപ്പോഴാണ് ഈ പുതിയ തരം തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

കോട്ടയം സ്വദേശിയായ അരുൺഗോപിക്കാണ് ഇത്തരത്തിലുള്ള സന്ദേശവുമായി തപാൽ എത്തിയത്. തുടർന്ന് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. ഇന്ത്യൻ തപാൽ വകുപ്പിലൂടെ ഫ്രം അഡ്രസ് ഇല്ലാതെ വന്ന കവർ സ്വാഭാവികമായും ആരെയും ആശയക്കുഴപ്പത്തിലാക്കുമല്ലോ. നോട്ടുപുസ്തകത്തിന്റെ പുറംചട്ട രണ്ടായി മുറിച്ചതു പോലെയുള്ള രണ്ട് കട്ടിക്കടലാസ് കഷണങ്ങളാണ് കവറിലുള്ളത്. ഒരെണ്ണത്തിൽ എനിക്ക് 10 ലക്ഷം സമ്മാനം ലഭിച്ചതിന്റെ അറിയിപ്പായിരുന്നെന്നും അരുൺ ഗോപി പറയുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇതിനോട് അനുബന്ധമായി ആവശ്യപ്പെടുകയും ചെയ്തു. തട്ടിപ്പ് മനസിലായതോടെയാണ് സ്വന്തം അനുഭവം അരുൺ ഗോപി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. തട്ടിപ്പ് ശ്രദ്ധയിൽപ്പെടുത്തി അരുൺ ഗോപി സ്നാപ് ഡീലിന് മെയിൽ അയച്ചിട്ടുണ്ട്‌.