തിരുവനന്തപുരം: പത്മ പുരസ്‌ക്കാരം ലഭിച്ച ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരെ രൂക്ഷവിമർശനം നടത്തിയ മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനെതിരെ കേസെടുക്കാനാകുമോയെന്ന് പൊലീസ് നിയമോപദേശം തേടി. ഡി.ജി.പിക്ക് ലഭിച്ച പരാതിയിലാണ് നിയമോപദേശം തേടിയത്. കോഴിക്കോട് സ്വദേശിയായ പൊതുപ്രവർത്തകനാണ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. പത്മ പുരസ്‌ക്കാര ജേതാവായ ഒരാളെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാർശ ചെയ്യാൻ പാടില്ലായിരുന്നെന്നും ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും അദ്ദേഹം രാജ്യത്തിന് നൽകിയിട്ടില്ലെന്നുമാണ് ടി.പി സെൻകുമാർ പറഞ്ഞത്. ആരാണ് ഇദ്ദേഹത്തെ ഇതിനായി ശുപാർശ ചെയ്‌തത്. അവർ തന്നെ ഇതിൽ വിശദീകരണം നൽകണമെന്നും ടി.പി സെൻകുമാർ ആവശ്യപ്പെട്ടു. നമ്പി നാരായണന് പത്മപുരസ്‌കാരം നൽകിയവർ ഗോവിന്ദച്ചാമിക്കും അമീറുൾ ഇസ്ലാമിനും മറിയം റഷീദക്കും പുരസ്‌കാരം നൽകുമോയെന്നും സെൻ കുമാർ ചോദിച്ചിരുന്നു. ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട നടന്ന കാര്യങ്ങൾ സുപ്രീകോടതി നിയോഗിച്ച സമിതി പരിശോധിച്ചു കൊണ്ടിരിക്കെ എങ്ങനെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചതെന്നും, അമൃതിൽ വിഷം വീണ പോലെയാണ് നമ്പി നാരായണന് പുരസ്‌കാരം നൽകിയതെന്നും സെൻകുമാർ ആരോപിച്ചിരുന്നു.
എന്നാൽ, തന്നെക്കുറിച്ച് സെൻകുമാർ പറഞ്ഞതെല്ലാം അബദ്ധമാണെന്നും ആരുടെ ഏജന്റായാണ് സെൻകുമാർ സംസാരിക്കുന്നതെന്ന് അറിയില്ലെന്നുമായിരുന്നു നമ്പി നാരായണൻ ഇതിനോട് പ്രതികരിച്ചത്. സെൻകുമാർ പറയുന്നതുപോലെ ചാരക്കേസ് വീണ്ടും അന്വേഷിക്കുകയല്ല സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ചെയ്യുന്നത്. ചാരക്കേസിൽ തന്നെ കുടുക്കിയ ഉന്നത ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്തെന്നാണ് സമിതി പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.