ഉയരെ, ടേക്ക് ഓഫ് എന്നീ ചിത്രങ്ങൾക്കു ശേഷം ആസിഫ് അലിയും പാർവതിയും വീണ്ടും ഒന്നിച്ചെത്തുകയാണ്. 'സഖാവ്’ എന്ന ചിത്രത്തിനു ശേഷം സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും മൂന്നാം തവണ ഒന്നിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘ടേക്ക് ഓഫി'ൽ ദമ്പതിമാരായാണ് ഇരുവരും എത്തിയത്.
നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉയരെ’. സംവിധായകൻ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു മനു അശോകൻ. പാർവതി മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ആസിഫ് അലിയും ടോവിനോ തോമസുമാണ് നായകന്മാർ. ഒരു ആസിഡ് ആക്രമണ ഇരയുടെ കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മാതാവ് പി.വി. ഗംഗാധരന്റെ മക്കൾ ഷേഗ്ന, ഷേർഗ, ഷെനുഗ എന്നിവർ ചേർന്നാണ്.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഗൃഹലക്ഷ്മി സിനിമാ നിർമ്മാണരംഗത്ത് വീണ്ടും സജീവമാവുകയാണ് ഈ ചിത്രത്തിലൂടെ. ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പല്ലവി എന്ന ശക്തയായ സ്ത്രീ കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. പാർവതിയുടെ അച്ഛന്റെ വേഷത്തിൽ രഞ്ജി പണിക്കരും ചിത്രത്തിലുണ്ട്.
പ്രതാപ് പോത്തൻ, പ്രേം പ്രകാശ് എന്നിവരാണ് മറ്റു താരങ്ങൾ. കൊച്ചി, മുംബയ്, ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. കഥാപാത്രമാകുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പാർവതി ആഗ്രയിലെ ‘ഷീറോസ്’ കഫെ സന്ദർശിച്ചിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു കൂട്ടം സ്ത്രീകളാണ് ഷീറോസിന്റെ നടത്തിപ്പുകാർ.