കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റായ ചെക്ക ചിവന്ത വാനത്തിനു ശേഷം വീണ്ടും ഒരു മൾട്ടി സ്റ്റാർ ചിത്രവുമായി എത്തുകയാണ് സംവിധായകൻ മണിരത്നം. ഇക്കുറി കൽക്കി കൃഷ്ണമൂർത്തിയുടെ നോവലായ പൊന്നിയിൻ സെൽവൻ എന്ന ചിത്രവുമായാണ് മണിരത്നം എത്തുന്നത്. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാനുമുണ്ട്. ഇവർക്കൊപ്പം വിക്രം, ജയം രവി എന്നിവരും നായകന്മാരായി എത്തുന്നുണ്ട്. രാവണിനു ശേഷം ഐശ്വര്യാ റായി വീണ്ടും മണിരത്നം ചിത്രത്തിൽ നായിക യാകുന്നു എന്ന പ്രത്യേകതയും പൊന്നിയിൻ സെൽവനുണ്ട്.
എ.ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സന്തോഷ് ശിവൻ ഛായാഗ്രഹണവും വൈരമുത്തു ഗാനരചനയും നിർവഹിക്കും. നൂറു കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. വിജയ് മണിരത്നം ചിത്രത്തിനായി ലുക്ക് ടെസ്റ്റ് നടത്തിയതായാണ് കോളിവുഡിൽ നിന്നു വരുന്ന വിശേഷം. നിലവിൽ അറ്റ്ലിയുടെ ചിത്രത്തിൽ ഫുട്ബോൾ കോച്ചായി അഭിനയിക്കുകയാണ് വിജയ്. നയൻതാര നായികയാകുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല.