actor-dhanush

ചെന്നൈ: തെന്നിന്ത്യൻ താരവും തമിഴ് സൂപ്പർ സ്റ്റാർ രജിനീകാന്തിന്റെ മരുമകനുമായ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികൾ നൽകിയ കേസിൽ താരത്തിന് വീണ്ടും നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് ധനുഷ് ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ദമ്പതികൾ വീണ്ടും കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടികൾക്കായി നോട്ടീസ് അയച്ചത്. മധുരൈ ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശൻ- മീനാക്ഷി ദമ്പതികളാണ് ധനുഷ് മകനാണെന്ന് അവകാശപ്പെട്ട് കേസ് കൊടുത്തത്.

മീനാക്ഷി-കതിരേശൻ ദമ്പതികളുടെ ഹർ‌ജി കോടതി നേരത്തേ തള്ളിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചാണ് ഹർജി തള്ളിയത്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂൾ പഠന കാലയളവിൽ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നുമാണ് ദമ്പതികൾ ഹർജിയിൽ പറയുന്നത്. പിന്നീട് ഊർജ്ജിതമായി അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പിന്നീട് ധനുഷിന്റെ സിനിമകൾ കണ്ടതോടെയാണ് മകനെ തിരിച്ചറിഞ്ഞത്. ഇക്കാര്യം അറിയിക്കാൻ ചെന്നൈയിലെത്തി മകനെ കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ദമ്പതികൾ ഹർജിയിൽ പറയുന്നു. ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കാൻ ഫോട്ടോയും ഇവർ ഹാജരാക്കിയിട്ടുണ്ടായിരുന്നു. പ്രായധിക്യം മൂലം നിത്യച്ചെലവിന് പോലും പണം കണ്ടെത്താൻ കഴിയുന്നില്ലെന്നും സിനിമാ നടനായ മകൻ പ്രതിമാസം 65,000 രൂപ നൽകാൻ നടപടി സ്വീകരിക്കണമെന്നും ദമ്പതികൾ ഹർജിയിൽ അഭ്യർഥിച്ചിരുന്നു.