ഷാനവാസ് കെ. ബാവുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പൻ എന്ന ചിത്രത്തിനു ശേഷം വിനായകൻ നായകനായി മറ്റൊരു ചിത്രമെത്തുന്നു. പ്രണയ മീനുകളുടെ കടൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ജോൺ പോളാണ്. ഡാനി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. മമ്മൂട്ടി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വിനായകനൊപ്പം ദിലീഷ് പോത്തനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പുതുമുഖങ്ങളായ ഗബ്രി ജോസ്, ഋദ്ധി കുമാർ, ജിതിൻ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ഷാൻ റഹ്മാൻ സംഗീതം നൽകുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് വിഷ്ണു പണിക്കർ.ഈ മാസം അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.