p-s-sreedharan-pillai

തിരുവനന്തപുരം: മോദി സർക്കാരിന്റെ ഭരണത്തിനെതിരെ രാഹുൽ ഗാന്ധി കൊച്ചിയിൽ നടത്തിയ പ്രസംഗത്തിലെ ആരോപണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും കബളിപ്പിക്കുന്നതുമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ സാമ്പത്തിക വളർച്ചാതോതുളള രാജ്യമാണ് ഇന്ത്യ. ഈ നില തുടർന്നാൽ 2030ൽ ഇന്ത്യ അമേരിക്കയെ പിന്നിലാക്കുമെന്ന് ലണ്ടനിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. യു.പി.എ ഭരണ കാലത്തെയും എൻ.ഡി.എ ഭരണ കാലത്തെയും പുരോഗതി അടിസ്ഥാനമാക്കിയുള്ള സംവാദത്തിന് ബി.ജെ.പി തയാറാണ്. കെ.പി.സി.സി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ അതിന് തയാറാണോയെന്ന് വ്യക്തമാക്കണം.

ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ മൗനം കുറ്റകരവും സി.പി.എമ്മുമായുള്ള ധാരണ പ്രകാരവുമാണ്. രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് ചൈനീസ് ഉല്‌പന്നങ്ങളുടെ 'ബ്രാൻഡ് അംബാസഡറായി ' അവരെ പുകഴ്‌ത്തുകയും സ്വന്തം നാടിനെ ഇകഴ്‌ത്തുകയും ചെയ്‌തത് രാജ്യ താല്‍പര്യങ്ങൾക്ക് ഹാനികരമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.