amit-sha-against-grand-al

ന്യൂഡൽഹി: ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദിയാണെന്നും എന്നാൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി ആരാണെന്നും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ചോദിച്ചു. പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹവുമായി നിരവധി പേർ രംഗത്തെത്തുന്നതോടെ പ്രതിപക്ഷ പാർട്ടികളിൽ വൻ കലാപങ്ങൾ നടക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. ഉത്തർപ്രദേശിൽ പാർട്ടി പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിൽ വന്നാൽ കുറഞ്ഞത് ആറ് പ്രധാനമന്ത്രിമാരെങ്കിലും ഉണ്ടാകുമെന്ന് അമിത് ഷാ കളിയാക്കി. തിങ്കളാഴ്‌ച മായാവതിയും ചൊവ്വാഴ്‌ച അഖിലേഷ് യാദവും ബുധനാഴ്‌ച മമതാ ബാനർജിയും വ്യാഴാഴ്‌ച ശരത് പവാറും, വെള്ളിയാഴ്‌ച ദേവ ഗൗഡയും ശനിയാഴ്‌ച മുഹമ്മദ് സലീമും പ്രധാനമന്ത്രിമാരാകും. ബാക്കിയാകുന്ന ശനിയാഴ്‌ച രാജ്യം ഭരിക്കാൻ ആരുമില്ലാതെ ഉറങ്ങുമെന്നും നിറഞ്ഞ കയ്യടികളോടെ അമിത് ഷാ പറഞ്ഞു. സ്വന്തം നേതാവ് ആരാണെന്ന് പോലും അവർക്ക് അറിയില്ല. ഇത്തരത്തിലുള്ള സഖ്യത്തിന് രാജ്യത്തെ ക്ഷേമത്തിലേക്ക് നയിക്കാനും കഴിയില്ല. 56 ഇഞ്ചിന്റെ നെഞ്ചളവുള്ള മോദിയെപ്പോലൊരു നേതാവിന് മാത്രമേ രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.