kerala-assembly

ജി.എസ്.ടി സെസ് പ്രഖ്യാപനമുണ്ടാകും

കൊച്ചി: എൽ.ഡി.എഫ് സർക്കാരിന്റെ നാലാമത്തെ സമ്പൂർണ ബഡ്‌ജറ്റ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഇന്ന് അവതരിപ്പിക്കും. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായിരിക്കും ഊന്നലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ഒട്ടേറെ ക്ഷേമപദ്ധതികളും ഇടംപിടിച്ചേക്കും.

പ്രളയാനന്തര പുനർനിർമ്മാണത്തിനായി ജി.എസ്.ടി കൗൺസിൽ അനുവദിച്ച ഒരു ശതമാനം 'പ്രത്യേക സെസ്" ബഡ്‌ജറ്റിൽ പ്രഖ്യാപിക്കും. രണ്ടുവർഷത്തേക്ക് ഏർപ്പെടുത്തുന്ന സെസ് ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്നേക്കും. ആയിരം കോടി രൂപയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

12 മുതൽ 28 ശതമാനം വരെ ജി.എസ്.ടിയുള്ള ഉത്‌പന്നങ്ങൾക്കാകും സെസ്.ഉത്‌പന്നങ്ങൾ ബഡ്‌ജറ്റിൽ പ്രഖ്യാപിക്കും. ടി.വി,​ റഫ്രിജറേറ്റർ,​ എ.സി, സിഗരറ്റ്,​ സിമന്റ് തുടങ്ങിയവയ്‌ക്കും മറ്ര് ആഡംബര ഉത്‌പന്നങ്ങൾക്കും സെസ് വന്നേക്കും. സാധാരണ നികുതിക്ക് മേലാണ് സെസ് ഏർപ്പെടുത്താറുള്ളത്. ഇപ്പോൾ ഉത്പന്നങ്ങളുടെ വിലയ്ക്കുമേൽ ആണ് സെസ് എന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ അധിക സെസ്, നികുതി തന്നെയാകും. ഇത് സാധന വില ഉയർത്തും.

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, നിത്യോപയോഗ സാധനങ്ങളെയും സാധാരണക്കാർ വൻതോതിൽ ഉപയോഗിക്കുന്ന ഉത്‌പന്നങ്ങളെയും സെസിൽ നിന്ന് ഒഴിവാക്കും. മൂന്ന് ശതമാനം ജി.എസ്.ടിയുള്ള സ്വർണത്തിനും സെസ് ബാധകമാക്കിയേക്കും. ഇപ്പോൾ സർവകാല റെക്കാഡിട്ട സ്വർണ വില വീണ്ടും കൂടും.

പ്രളയാനന്തര പുനർനിർമ്മാണത്തിനായി സർക്കാർ ഒന്നും ചെയ്‌തില്ലെന്ന പരാതി പരിഹരിക്കാൻ 5,​000 കോടിയുടെയെങ്കിലും പാക്കേജ് ബഡ്‌ജറ്രിലുണ്ടാകും. ഓഖി ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ തീരദേശത്തിന് 2,​000 കോടിയുടെ പാക്കേജ് കഴിഞ്ഞ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

കേന്ദ്രസർക്കാരിന്റെ 'ആയുഷ്‌മാൻ ഭാരത്" പദ്ധതി പരിഷ്‌കരിച്ച് സംസ്ഥാനത്തെ എല്ലാവർക്കും ആരോഗ്യ ഇൻഷ്വറൻസ് പ്രഖ്യാപിച്ചേക്കുമെന്നും അറിയുന്നു. ലോട്ടറി വരുമാനമായിരിക്കും 'കാരുണ്യ" മോഡലിൽ ഇതിനായി സമാഹരിക്കുക.

കഴിഞ്ഞ ബഡ്‌ജറ്റിന് സമാനമായി സ്‌ത്രീകൾക്കും കർഷകർക്കും, വിദ്യാഭ്യാസം,​ ടൂറിസം,​ പരമ്പരാഗത തൊഴിൽമേഖല തുടങ്ങിയവയ്ക്കും ഇക്കുറി ഊന്നൽ നൽകിയേക്കും. വാണിജ്യ-വ്യവസായ മേഖലയെ കാര്യമായി തലോടാനിടയില്ല. സാമൂഹികക്ഷേമ പെൻഷൻ അർഹരായവർക്ക് ഉറപ്പാക്കാൻ കഴിഞ്ഞ ബഡ്‌ജറ്റിൽ നടപടിയുണ്ടായിരുന്നു. ഇക്കുറി ക്ഷേമ പെൻഷൻ 100 രൂപ കൂട്ടിയേക്കും.

ഐസക്കിന്റെ പത്താം ബഡ്‌ജറ്റ്

ധനമന്ത്രിയെന്ന നിലയിൽ ഡോ. ടി.എം. തോമസ് ഐസക്കിന്റെ പത്താമത് ബഡ്‌ജറ്റാണിത്. നടപ്പ് വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും ഇന്ന് അവതരിപ്പിക്കും.

വർഷങ്ങളായി തുടരുന്ന ബഡ്‌ജറ്റ് കമ്മി പരിഹരിക്കാൻ ഇക്കുറി പതിവ് വായ്പാ നടപടികളും കേന്ദ്ര ഗ്രാന്റും സാമ്പത്തിക അഡ്‌ജസ്റ്റ്മെന്റുകളും മതിയാകില്ല. അതിനാൽ കടുത്ത നിർദ്ദേശങ്ങൾ ഉണ്ടായേക്കും.

നികുതി വെട്ടിപ്പ് തടയാനുള്ള കഴിഞ്ഞ ബഡ്‌ജറ്റിലെ ഇളവുകൾ ഫലിച്ചരുന്നില്ല. അതിനാൽ നികുതിവരുമാനം വർദ്ധിപ്പിക്കാൻ കടുത്ത നിയന്ത്രണങ്ങൾ വന്നേക്കും.

അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബിയെ തന്നെയാകും ആശ്രയിക്കുക. എങ്കിലും ഏഴായിരം കോടിയുടെ ലോകബാങ്ക് വായ്പയുടെ വിനിയോഗം ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചേക്കും. ഇതിനായി വായ്പാപരിധി വർദ്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഉണ്ടാകണം. അതും ബഡ്‌ജറ്റിലുണ്ടാകും.