അലിഗഢ്: മഹാത്മഗാന്ധി രക്തസാക്ഷിത്വദിനത്തിൽ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ ഗാന്ധികോലത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിർത്തു. അലിഗഡിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിർത്തത്. ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി. രാജ്യമൊട്ടാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ചത്.
മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ജനുവരി 30 നേരത്തെ 'ശൗര്യ ദിവസ്' എന്ന പേരിലായിരുന്നു ഹിന്ദുമഹാസഭ ആചരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി മധുര വിതരണവും നാഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണവും നേരത്തെ സംഘടന നടത്തിവന്നിരുന്നു. ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാരനായാണ് ഗാന്ധിജിയെ ഹിന്ദു മഹാസഭ കണക്കാക്കുന്നത്. ബാബറി മസ്ജിദ് തകർത്തത് ശൗര്യ ദിവസ് ആയി വി.എച്ച്.പി, ബജ്റംഗ്ദൾ എന്നി സംഘടനകൾ നേരത്തെ ആഘോഷിച്ചിരുന്നു. പൂജകളും ഹോമങ്ങളും മതപരിപാടികളുമായാണ് ‘ശൗര്യ ദിവസ്’ ആഘോഷിക്കുന്നത്.
നാഥൂറാം ഗോഡ്‍സെയെക്ക് മുൻപ് ജനിച്ചിരുന്നെങ്കിൽ രാഷ്‍ട്രപിതാവായ മഹാത്മ ഗാന്ധിയെ തന്റെ കെെകൾ കൊണ്ട് കൊലപ്പെടുത്തുമായിരുന്നുവെന്ന് പൂജ ശകുൻ നേരത്തെ വിവാദ പ്രസ്‌താവന നടത്തിയിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ ഇനി ഗാന്ധിയാകാൻ ആരെങ്കിലും ശ്രമിച്ചാൽ അവരെയും വെടിവെച്ച് കൊല്ലും. രാജ്യത്തിന്റെ വിഭജനത്തിന് കാരണം ഗാന്ധിയാണ്. വിഭജന സമയത്ത് നിരവധി ഹിന്ദുക്കളാണ് മരണപ്പെട്ടത്. ഇനി ആരെങ്കിലും വിജഭനകാര്യം പറഞ്ഞാൽ അവരെയും കൊല്ലുമെന്നും പാണ്ഡെ അന്ന് പറഞ്ഞിരുന്നു.