death-of-simon-brito-was-

കൊച്ചി: മുൻ എസ്.എഫ്.ഐ നേതാവ് സൈമൺ ബ്രിട്ടോയുടെ മരണത്തെക്കുറിച്ച് തങ്ങൾക്ക് വ്യക്തത വന്നിട്ടില്ലെന്നും മരണത്തിൽ പല സംശയങ്ങളുമുണ്ടെന്നും ഭാര്യ സീനാ ഭാസ്‌ക്കർ പറഞ്ഞു. ഹൃദയസ്തംഭനത്തെ തുടർന്ന് തൃശൂർ ദയ ആശുപത്രിയിൽ ഇക്കഴിഞ്ഞ ഡിസംബർ 31നായിരുന്നു അന്ത്യം. എന്നാൽ ബ്രിട്ടോ ഹൃദ്രോഗി അല്ലായിരുന്നുവെന്നാണ് സീനയുടെ വെളിപ്പെടുത്തൽ.

പുസ്‌തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്ന ബ്രിട്ടോയെ ശാരീരിക അവശതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് ഹൃദയസ്‌തംഭനം വന്ന് മരിക്കുകയുമായിരുന്നു എന്നാണ് ഇതുവരെയുള്ള വിശദീകരണം. എന്നാൽ ബ്രിട്ടോയുടെ മരണത്തെപ്പറ്റി കൂടെയുള്ളവർ പല തരത്തിലാണ് കാര്യങ്ങൾ വിശദീകരിച്ചത്. ഇക്കാര്യത്തിൽ കൂടുതൽ പറയാനാവുക പാർട്ടിക്കാണെന്നും സീന കൂട്ടിച്ചേർത്തു. ബ്രിട്ടോയുടെ മരണവുമായി ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടിലും പിശകുകളുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണമെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. എന്നാൽ ഇക്കാര്യത്തിൽ വിവാദങ്ങൾക്ക് താനില്ലെന്നും സീന ഒരു സ്വകാര്യ ചാനലിൽ വെളിപ്പെടുത്തി. ഇതിന് പിന്നാലെ സൈമൺ ബ്രിട്ടോയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന ആരോപണവുമായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്‌ടറും രംഗത്തെത്തി. ശരിയായ സമയത്ത് തന്നെ എത്തിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ അദ്ദേഹത്തെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും ഡോക്ടർ വ്യക്തമാക്കി.

മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘർഷത്തിന്റെ തുടർച്ചയായി എറണാകുളം ജനറൽ ആശുപത്രിയിൽ വച്ചു കുത്തേറ്റ് അരയ്ക്ക് താഴെ തളർന്ന ബ്രിട്ടോ മൂന്നര പതിറ്റാണ്ട് വീൽച്ചെയറിലാണ് ജീവിച്ചത്. അപ്പോഴും രാഷ്ട്രീയത്തിലും സാംസ്കാരിക, പൊതുരംഗങ്ങളിലും സജീവമായിരുന്നു. 2006 -11 കാലത്ത് നിയമസഭയിൽ ആംഗ്ളോ ഇന്ത്യൻ പ്രതിനിധിയായി. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ 1983 സെപ്തംബർ 14 നാണ് കുത്തേറ്റത്. ലാ കോളേജ് വിദ്യാർത്ഥിയായിരുന്ന അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ - കെ.എസ്.യു. പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാനാണ് ജനറൽ ആശുപത്രിലെത്തിയത്. കെ.എസ്.യു പ്രവർത്തകന്റെ കുത്തേറ്റ് നട്ടെല്ല്, കരൾ, ഹൃദയം, ശ്വാസകോശം എന്നിവയ്ക്ക് സാരമായ പരിക്കേറ്റു. അരയ്ക്കു താഴേയ്ക്ക് ശരീരം തളർന്നു. തളരാത്ത മനസും ഉറച്ച രാഷ്ട്രീയവുമായി വീൽച്ചെയറിൽ നിയമപഠനം പൂർത്തിയാക്കി. രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനവുമായി സംസ്ഥാനമെമ്പാടും സഞ്ചരിച്ചു.