കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിലവിലുള്ള രണ്ട് സീറ്റിനു പുറമെ ഒരു സീറ്റ് കൂടി വേണമെന്ന മുസ്ലീം ലീഗിന്റെ മോഹം നടക്കാനിടയില്ല. രണ്ട് സീറ്റു കൊണ്ട് തൃപ്തിപ്പെടണമെന്ന സൂചനയാണ് കോൺഗ്രസ് നേതാക്കൾ നല്കിയിരിക്കുന്നതത്രേ. എന്നാൽ സീറ്റിനുള്ള അർഹത തങ്ങൾക്കുണ്ടെന്ന നിലപാടിൽ ലീഗ് നേതാക്കൾ ഉറച്ചുനിൽക്കുകയാണ്.
കഴിഞ്ഞദിവസം കൊച്ചിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ അധിക സീറ്റെന്ന ആവശ്യം കേരള കോൺഗ്രസ് എമ്മിനൊപ്പം ലീഗും ഉന്നയിച്ചിരുന്നു. എന്നാൽ യു.ഡി.എഫിൽ ഇതുസംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാനായിരുന്നു രാഹുലിന്റെ നിർദ്ദേശം. കേരള കോൺഗ്രസ് (എം) ഒരു സീറ്റ് അധികം വേണമെന്ന നിലപാട് ആവർത്തിക്കുന്നതാണ് ലീഗിനെയും ഈ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. യു.ഡി.എഫിലെ സീറ്റ് വിഭജന ചർച്ചകളിൽ ഇക്കാര്യത്തിൽ ഉറച്ചു നിൽക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിലുണ്ട്. സമസ്ത ഉൾപ്പെടെ ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
കാസർകോട്, വടകര, വയനാട് സീറ്റുകളിലൊന്ന് അധികമായി ചോദിക്കണമെന്നാണ് മുസ്ലിം ലീഗിനുള്ളിലെ ആവശ്യം. കാസർകോട്, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ സീറ്റിനുള്ള അവകാശവാദത്തിൽ പച്ചക്കൊടി കാണിച്ചിട്ടുണ്ട്. കാസർകോട്, വടകര, വയനാട് സീറ്റുകളിൽ കോൺഗ്രസ് മാത്രമാണ് ഇതുവരെ മത്സരിച്ചിട്ടുള്ളത്. അതിനാൽ, കോൺഗ്രസ് ഇത് വിട്ടുനൽകാൻ ഇടയില്ല. ഇതിനുമുമ്പും മൂന്നാം സീറ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവസാനഘട്ടം ലീഗ് പിന്മാറുന്നതാണ് ചരിത്രം. ഇത്തവണ അതുണ്ടാവില്ലെന്നാണ് ലീഗ് നേതൃത്വം നൽകുന്ന സൂചന.
അതേസമയം മൂന്നാംസീറ്റെന്ന ആവശ്യം ശക്തിപ്പെടുത്താൻ ലീഗിലെ ചില നേതാക്കൾ മടിക്കുന്നതായും സൂചനയുണ്ട്. ഇക്കാര്യത്തിൽ ഉടക്കി തിരഞ്ഞെടുപ്പ് രംഗം അലങ്കോലമാക്കേണ്ടെന്നാണ് ഇവരുടെ വാദം. മാത്രമല്ല മലപ്പുറത്തിനും പൊന്നാനിക്കും പുറമെ ഒരു സീറ്റ് കൂടി കിട്ടിയാൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യം വരുമ്പോഴും തർക്കം ഉണ്ടാകുമെന്നും ഇവർ പറയുന്നു.
നിലവിലെ രണ്ട് സീറ്റുകളിൽ സിറ്റിംഗ് എം.പിമാർ മത്സരിക്കാൻ തയ്യാറായാൽ അവർ തന്നെയാകും സ്ഥാനാർത്ഥികളെന്ന സൂചനയാണ് ലീഗിൽ നിന്ന് വരുന്നത്. ഇതിൽ പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ ആഗ്രഹിച്ചാൽ മലപ്പുറത്ത് പുതിയൊരു സ്ഥാനാർത്ഥിയെ പാർട്ടിക്ക് കണ്ടെത്തേണ്ടിവരും. മൂന്നാം സീറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സജീവമായ അണിയറ ചർച്ചകളാണ് പാർട്ടിയിൽ പൊടിപൊടിക്കുന്നത്.