കോട്ടയം : പ്രശസ്ത തമിഴ് സിനിമാ താരം വിജയ് സേതുപതി അഭിനയിക്കുന്ന സിനിമയുടെ കുട്ടനാട്ടിലെ ലൊക്കേഷനിൽ കാഴ്ച കാണാനെത്തിയ വൃദ്ധ കുഴഞ്ഞ് വീണ് മരിച്ച വാർത്ത അറിയാത്തവരായി ആരുമുണ്ടാവില്ല. മരണത്തിന് തൊട്ട് മുൻപായി വിജയ് സേതുപതി അച്ചാമയെന്ന സ്ത്രീയ്ക്ക് ലൊക്കേഷനിൽ വച്ച് സാമ്പത്തിക സഹായം നൽകിയതും മാദ്ധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. എന്നാൽ അച്ചാമയുടെ മരണത്തിൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് ചങ്ങനാശ്ശേരി പട്ടണമാണ്. തലയിൽ മുഴുവൻ സിനിമയും പാട്ടുമായാണ് അച്ചാമ ജീവിച്ചിരുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുകയാണ് മാത്യു ചിങ്ങവനം.
കാവാലം സ്വദേശിയായ അച്ചാമ്മ രാവിലെ തന്നെ ഈ പട്ടണത്തിലെത്തുമായിരുന്നു. ഇവിടെ കെ.എസ്.ആർ.ടി.സി കാന്റീനിൽ റേഡിയോ ഗാനത്തിനൊപ്പം മേശയിൽ താളം പിടിക്കുന്ന അച്ചാമ്മ മലയാള സിനിമയുടെ ഒരു ഭാഗമായിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല. കാവാലം ഭാഗത്ത് സിനിമ ഷൂട്ടിംഗ് ഉണ്ടെന്നറിഞ്ഞാൽ അവിടെ എത്തിയിരുന്ന അച്ചാമ്മയുടെ കൈയ്യിൽ മലയാള സിനിമയിലെ മുൻനിര സംവിധായകരുടെ മൊബൈൽ നമ്പരുണ്ട്. സംവിധായകൻ വിനയനുമായിട്ടായിരുന്നു കൂടുതലടുപ്പം. കാന്റീനിലിരുന്ന് വിനയനെ വിളിച്ചു സംസാരിക്കുന്നതു കേൾക്കാൻ രസമാണെന്ന് മാത്യു കുറിക്കുന്നു. ചില സിനിമകളിൽ തല കാട്ടിയിട്ടുള്ള അച്ചാമ്മയ്ക്കായി അച്ചാമ്മ ഫാൻസ് അസോസിയേഷൻ രൂപീകരിച്ച് ചങ്ങനാശ്ശേരിയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ആദരവ് നൽകിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തലയിൽ മുഴുവൻ സിനിമയും പാട്ടുമായി ചങ്ങനാശ്ശേരി പട്ടണത്തിലെ നിറസാന്നിദ്യമായിരുന്ന അച്ചാമ്മ വിടവാങ്ങി.കാവാലം സ്വദേശിയായിരുന്ന അച്ചാമ്മ രാവിലെ 7 മണിക്കു മുമ്പുതന്നെ ചങ്ങനാശ്ശേരി ഗടഞഠഇ കാന്റീനിൽ ഹാജരായിട്ടുണ്ടാവും .അൽപ്പം മാനസിക പ്രശ്നമുണ്ടായിരുന്നെങ്കിലും അച്ചാമ്മ ഒന്നു രണ്ടു സിനിമകളിൽ തല കാണിച്ചിട്ടുണ്ട്.കാന്റീനിൽ പാട്ടുവയ്ക്കുമ്പോൾ മേശയിൽ താളംപിടിച്ചു കൂടെപ്പാടുന്ന അച്ചാമ്മ കാന്റീനിൽ വരുന്നവർക്കെല്ലാം കൗതുക്കാഴ്ച്ചയായിരുന്നു.ഒട്ടുമുക്കാലും സിനിമാസംവിധായകരുടേയും ഫോൺനമ്പർ അച്ചാമ്മയുടെ കൈയിലുണ്ട്.വിനയനുമായിട്ടായിരുന്നു കൂടുതലടുപ്പം.കാന്റീനിലിരുന്ന് വിനയനെ വിളിച്ചു സംസാരിക്കുന്നതുകേൾക്കാൻ രസമാണ്.ഞാൻ ''അച്ചാമ്മ''എന്ന പേരിൽതന്നെ ഇവരെ കഥാപാത്രമാക്കി ഒരു ചെറുകഥയെഴുതിയിട്ടുണ്ട്.ചങ്ങനാശ്ശേരിയിൽ ഒരിക്കൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ അച്ചാമ്മ ഫാൻസ് അസ്സോസിയേഷൻ രുപീകരിച്ച് അച്ചാമ്മയുടെ പടവുമായി വലിയ ഫ്ളക്സ്‌ബോർഡു വച്ചിരുന്നു.സിനിമ ഏറെ ഇഷ്ടപ്പെട്ടിരുന്ന അച്ചാമ്മയുടെ അന്ത്യവും സിനിമാഷൂട്ടിംങ്ങ് ലൊക്കേഷനിലായി.കാവാലത്ത് വിജയ് സേതുപതി നായകനായ സിനിമയുടെ ഷൂട്ടിംങ്ങ് കണ്ടുകൊണ്ടുനിൽക്കുമ്പോൾ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.മരണത്തിനു തലേദിവസം വിജയ് സേതുപതി അച്ചാമ്മയ്ക്ക് സാമ്പത്തികസഹായം നൽകിയിരുന്നു.