ഞെട്ടലോടെ വേലായുധൻ മാസ്റ്റർ ഫോണിലേക്ക് നോക്കി.
ടീപ്പോയിൽ കിടന്നു വിറയ്ക്കുകയാണത്...
എടുക്കാൻ കൈ നീട്ടിയെങ്കിലും മുന്നിൽ ഫണം വിടർത്തിയ സർപ്പത്തെ കണ്ടതു പോലെ പിൻവലിച്ചു.
ഒരു തവണ അടിച്ചുനിന്നിട്ട് പെട്ടെന്നു വീണ്ടും അത് ശബ്ദിക്കാൻ തുടങ്ങി.
ഇത്തവണ കസേരപ്പടിയിൽ കൈ പിടിച്ചുകൊണ്ട് അയാൾ മുന്നോട്ടാഞ്ഞ് ഫോണിന്റെ ഡിസ്പ്ളേയിലേക്ക് നോക്കി.
രാഹുൽ!
അവൻ എല്ലാം അറിഞ്ഞിട്ടു വിളിക്കുകയാണ്. അതല്ലെങ്കിൽ ശിവദാസൻ കുരുങ്ങിയതിനു പിന്നിൽ അവനായിരിക്കുമോ?
അത്തരം ഒരു ചിന്ത മിന്നൽ പോലെയാണ് മാസ്റ്റർക്ക് ഉണ്ടായത്.
അതോടെ അയാളിൽ കോപം ഇരമ്പി.
പെട്ടെന്നു തന്നെ ഫോൺ എടുത്ത് റിസീവിംഗ് ബട്ടൺ പ്രസ് ചെയ്തു.
''എന്താടാ നിനക്കു വേണ്ടത്?"
മറുപുറത്തുനിന്ന് ഉച്ചത്തിലുള്ള ചിരി കേട്ടു.
''വേണ്ടത് എന്താണെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ... എന്റെ അച്ഛന് ചീഫ് മിനിസ്റ്റർ പദവി."
രാഹുലിന്റെ സ്വരം മുറുകി.
''പണ്ട് പുരാണത്തിൽ വിശ്വാമിത്ര മഹർഷിയുടെ തപസ്സിളക്കാൻ മേനകയെ അയച്ചതായി ഒരു സീരിയലിൽ കണ്ടു. അതേപോലെ ഒരു കളിക്കാണ് നിങ്ങൾ മുതിർന്നത്. മരിയ ഫെർണാണ്ടസ് എന്നൊരു സ്ത്രീയെ എന്റെ മുന്നിലേക്കു പറഞ്ഞുവിട്ടാൽ എന്നെ വീഴ്ത്താമെന്നും ഇമ്മോറൽ ട്രാഫിക്കിൽ കുരുക്കി നാണം കെടുത്താമെന്നും കരുതിയോ?"
മാസ്റ്റർക്കു മറുപടി പറയാൻ കഴിഞ്ഞില്ല. തൊണ്ടയിൽ ഉമിനീർ വറ്റിവരണ്ടു.
അപ്പോൾ രാഹുലിന്റെ സ്വരം വീണ്ടും കേട്ടു :
''നിങ്ങൾക്ക് തെറ്റിപ്പോയി മിസ്റ്റർ - ഇത് ആള് വേറെ. ഞാൻ വിശ്വാമിത്രനല്ല, ഭസ്മാസുരനാണ് എന്ന് നിങ്ങൾ മറന്നു. അതുകൊണ്ടാണ് എനിക്കു വച്ച കെണിയിൽത്തന്നെ നിങ്ങളുടെ പി.എ കുരുങ്ങിയത്."
വേലായുധൻ മാസ്റ്റർ കടപ്പല്ലമർത്തി.
''ഒരു പി.എ പോയാലും ഞാൻ സർവ ശക്തനായി ഉണ്ട് എന്നു നീ മറക്കല്ലേടാ കൊച്ചനേ..."
''എത്ര ശക്തനാണെങ്കിലും അരവിന്ദാക്ഷൻ എന്ന സി.ഐ, നിങ്ങളുടെ പി.എ ശിവദാസനെ ഇടിച്ചു പിഴിഞ്ഞിട്ടായാലും സത്യം പുറത്തുകൊണ്ടുവരും. അപ്പോൾ പിന്നെയിട്ട് ഇരിക്കാൻ ഒരു മരപ്പലക പോലും ഉണ്ടായെന്നു വരില്ല..."
''നമുക്ക് കാണാം."
''ങാ. കാണാം."
രാഹുൽ കാൾ കട്ടു ചെയ്തിട്ടും ഫോൺ കാതിൽ അമർത്തി. അങ്ങനെതന്നെ ഇരുന്നുപോയി ചീഫ് മിനിസ്റ്റർ.
അല്പം കഴിഞ്ഞ് അയാൾ രണ്ടും കല്പിച്ച് ഡി.ജി. പിയുടെ നമ്പർ കുത്തി..
***
ഫോൺ ടീപ്പോയിലേക്ക് ഇട്ടിട്ട് മുന്നിൽ ഇരിക്കുന്ന സ്പാനർ മൂസയെ നോക്കി ഒന്നു ചിരിച്ചു രാഹുൽ.
''കിഴവൻ ഇപ്പോഴും ധൈര്യം ഭാവിക്കുന്നുണ്ടെങ്കിലും ആ നെഞ്ചിടിപ്പ് എനിക്ക് ഫോണിലൂടെ കേൾക്കാമായിരുന്നു."
തലയാട്ടിക്കൊണ്ട് മൂസ, മുന്നിൽ ഒഴിച്ചു വച്ചിരുന്ന 'പിനാക്കിൽ വോഡ്ക"യുടെ ഗ്ളാസ് ഉയർത്തി വായിലേക്ക് ചരിച്ചു.
'വാസ്തവത്തിൽ എന്താണ് നടക്കുന്നതെന്ന് ഇപ്പോഴും മനസ്സിലായിക്കാണില്ല കിഴവന്."
രാഹുൽ സമ്മതിച്ചു. ഒപ്പം ഓർത്തു:
ആരോ വാതിലിൽ തട്ടിയപ്പോൾ മരിയ ഫെർണാണ്ടസ് കരുതിയത് പൊലീസ് ആയിരിക്കുമെന്നാണ്. എന്നാൽ, തനിക്കറിയാമായിരുന്നു അത് മൂസയാണെന്ന്.
മൂസയ്ക്കൊപ്പം മരിയയെ ആശുപത്രിയുടെ പിൻഭാഗത്തെ ഗെയ്റ്റുവഴി അയച്ച നിമിഷത്തിലായിരുന്നു പൊലീസിന്റെ വരവ്.
തന്റെ റൂമിലെത്തിച്ച മരിയയെ ശരിക്ക് സന്തോഷിപ്പിച്ച ശേഷമാണ് മൂസ കോവളത്തേക്ക് കൊണ്ടുപോയി കഴുത്തറുത്തത്.
ആ സമയം താൻ പുറത്തുപോയി കോയിൻ ബൂത്ത് വഴി കോവളം സി.ഐയ്ക്കും മീഡിയക്കാർക്കു വിവരം നൽകുകയും ചെയ്തു.
ഓർമ്മയിൽ സന്തോഷം നിറഞ്ഞ മനസ്സോടെ രാഹുലും ഗ്ളാസ് ഉയർത്തി.
അടുത്ത ദിവസം. കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലിൽ നിന്ന് പിങ്ക് പൊലീസ് എസ്.ഐ വിജയ വീട്ടിലെത്തി.
തലസ്ഥാനത്ത് അരങ്ങേറുന്ന നാടകവും ഭരണ സ്തംഭനവുമൊക്കെ അവർ ടി.വിയിൽ കണ്ടിരുന്നു.
അന്നുതന്നെ അനൂപിന്റെ ശവസംസ്കാരവും നടന്നു.
വിജയയുടെ സഹപ്രവർത്തകരായ എസ്.ഐമാർ സന്ധ്യവരെ അവിടെയുണ്ടായിരുന്നു.
രാത്രി....
വീടിനു മുന്നിൽ ഒരു ബുള്ളറ്റ്
ബൈക്ക് വന്നു നിന്നു....
(തുടരും)