പനാജി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ കത്ത്. താങ്കളോടൊപ്പം കൂടിക്കാഴ്ച നടത്തിയ അഞ്ച് നിമിഷത്തെ വില കുറഞ്ഞ രാഷ്ട്രീയ നീക്കത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് മനോഹർ പരീക്കർ കത്തിൽ പറഞ്ഞു. റാഫേൽ കരാറുമായി ബന്ധപ്പെട്ട ഒരു കാര്യവും താനോ രാഹുലോ ചർച്ച ചെയ്തിട്ടില്ലെന്നും പരീക്കർ കത്തിൽ വ്യക്തമാക്കി.
റാഫേൽ കരാറിൽ ദുരൂഹതകളുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചില കാര്യങ്ങൾ മറച്ചുവയ്ക്കുന്നതായി പരീക്കർ തന്നോട് പറഞ്ഞിരുന്നെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു. കൂടാതെ റാഫേൽ കരാറിലെ മാറ്റം പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ അറിഞ്ഞിരുന്നില്ലെന്നും പരീക്കറുടെ അറിവില്ലാതെ മോദി കരാറിൽ മാറ്റം വരുത്തുകയായിരുന്നുവെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരീക്കർ കത്തുമായി രംഗത്തെത്തിയത്.
ഗോവൻ സന്ദർശനത്തിനായി എത്തിയ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം മനോഹർ പരീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് പരീക്കർ ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയതെന്നാണ് രാഹുൽ പറഞ്ഞത്.