തിരുവനന്തപുരം : കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ശബരിമലയിലെ സംഘർഷത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് മുറിവേൽപ്പിച്ചത് ആർ.എസ്.എസ് ആണ്. നിലയ്ക്കലും സന്നിധാനത്തും ആക്രമണം നടത്തിയത് പ്രധാനമന്ത്രിയുടെ അനുയായികളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പ്രതിഷ്ഠക്ക് പുറം തിരിഞ്ഞു നിന്നവരെയായിരുന്നു കേരളത്തിൽ വന്ന് പ്രധാനമന്ത്രി വിമർശിക്കേണ്ടിയിരുന്നതെന്നും പിണറായി പറഞ്ഞു. കേരളത്തിനെതിരെ രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ എന്തുകൊണ്ട് പ്രതിപക്ഷം പ്രതികരിച്ചില്ലെന്നും പിണറായി വിജയൻ ചോദിച്ചു. കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയെ കുറിച്ച് പറയാൻ പാടില്ലാത്തതാണ് രാഹുൽ ഗാന്ധി പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.