ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എട്ട് സീറ്റ് ആവശ്യപ്പെടാൻ ബി.ഡി.ജെ.എസ് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. എട്ട് സീറ്റ് നേരത്തേ ആവശ്യപ്പെട്ടെങ്കിലും നാല് സീറ്റ് നൽകിയാൽ മതിയെന്ന് ബി.ജെ.പി യോഗം തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എട്ട് സീറ്റിൽ ഉറച്ച് നിൽക്കാൻ പാർട്ടി തീരുമാനിച്ചത്.
'സീറ്റ് ചർച്ചയിൽ ഉണ്ടാകുന്ന മാന്യമായ നിലപാട് അംഗീകരിക്കും. ആറ് സീറ്റിൽ വരെ എൻ.ഡി.എക്ക് വിജയസാദ്ധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി. സീറ്റുകളെപ്പറ്റി ഒരാഴ്‌ചയ്‌ക്കകം തീരുമാനമുണ്ടാകും. അതിനുശേഷം സ്ഥാനാർത്ഥികളെ തീരുമാനിക്കും. നേതാക്കൾ മത്സരരംഗത്തു നിന്ന് മാറി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം'- സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എന്നാൽ തുഷാർ മത്സരിക്കണമെന്ന് യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു.
സാമ്പത്തിക സംവരണത്തെ പൂർണമായും അനുകൂലിക്കാനാവില്ല. അത് പിന്നാക്ക വിഭാഗങ്ങളോടുള്ള കടന്നാക്രമണമാണ്. പിന്നാക്ക വിഭാഗങ്ങളോട് ആഭിമുഖ്യമുള്ള സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. എന്നാൽ പിന്നാക്കക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിനെ അനുകൂലിക്കാനാവില്ലെന്നും യോഗം മുന്നറിയിപ്പ് നൽകി. അരയാക്കണ്ടി സന്തോഷ്, സുഭാഷ് വാസു, ടി.വി.ബാബു, ഫാ.റിജോ നിരപ്പേൽ, കെ.പത്മകുമാർ, കെ.കെ.മഹേശൻ, സംഗീത വിശ്വനാഥ് തുടങ്ങിയവർ പങ്കെടുത്തു.