gandhi

അലിഗഡ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തിൽ ഹിന്ദുമഹാസഭ ഗാന്ധിവധം പുനരാവിഷ്‌കരിക്കുകയും ഗോഡ്സെയെ മാലയിട്ട് വന്ദിക്കുകയും ചെയ്തു. ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡേയാണ് ഗാന്ധിവധം പുനരാവിഷ്‌കരിച്ചത്. ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കളിത്തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു അവർ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു.

ഉത്തർപ്രദേശിലെ അലിഗഡിലാണ് വിവാദ സംഭവം റിപ്പോർട്ട് ചെയ്തത്. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയിൽ പൂജ ശകുൻ പാണ്ഡെ മാലയണിയിക്കുകയും ചെയ്തു. പിന്നാലെ പ്രവർത്തകർക്കൊപ്പം മധുരം പങ്കിട്ടാണ് ഗാന്ധിവധം ഇവർ ആഘോഷമാക്കിയത്.

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ശൗര്യ ദിവസ് ആയാണ് ഹിന്ദു മഹാസഭ ആചരിക്കുന്നത്. അന്ന് മധുരവിതരണവും ഗോഡ്‌സെ പ്രതിമയിൽ മാലയണിയിക്കലും പതിവാണ്. എന്നാൽ ഇതാദ്യമായാണ് ഗാന്ധിവധം ഇവർ പുനരാവിഷ്‌കരിക്കുന്നത്.