simon-brito-

കൊച്ചി: മുൻ എസ്.എഫ്.ഐ നേതാവ് സൈമൺ ബ്രിട്ടോയുടെ മരണത്തെക്കുറിച്ച് തങ്ങൾക്ക് വ്യക്തത വന്നിട്ടില്ലെന്നും മരണത്തിൽ പല സംശയങ്ങളുമുണ്ടെന്നും ഭാര്യ സീനാ ഭാസ്‌കറുടെ വെളിപ്പെടുത്തൽ. ഹൃദയസ്തംഭനത്തെ തുടർന്ന് തൃശൂർ ദയ ആശുപത്രിയിൽ ഇക്കഴിഞ്ഞ ഡിസംബർ 31നായിരുന്നു അന്ത്യം. എന്നാൽ ബ്രിട്ടോ ഹൃദ്രോഗി അല്ലായിരുന്നുവെന്നാണ് സീന പറയുന്നത്. ഇതിന് പിന്നാലെ സൈമൺ ബ്രിട്ടോയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന ആരോപണവുമായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്‌ടറും രംഗത്തെത്തി. ശരിയായ സമയത്ത് തന്നെ എത്തിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ അദ്ദേഹത്തെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും ഡോക്ടർ വ്യക്തമാക്കി.

എന്നാൽ ദുരൂഹതയില്ലെന്ന് തോന്നിയതുകൊണ്ടാണ് പോസ്റ്റ് മോർട്ടം വേണ്ടെന്ന് എഴുതിക്കൊടുത്തതെന്നും പാർട്ടിയോട് ആലോചിച്ച് എടുത്ത തീരുമാനമാണതെന്നും സി.പി.എം പ്രാദേശികനേതൃത്വവും പറയുന്നു.

ഡിസംബർ 31-ന് തൃശൂരിൽ വച്ചാണ് സൈമൺ ബ്രിട്ടോ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. എന്നാൽ മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ സൈമൺ ബ്രിട്ടോയ്ക്ക് ഹൃദ്രോഗമുണ്ടായിരുന്നില്ലെന്നാണ് ഭാര്യ സീന ഭാസ്കർ പറയുന്നത്. 'മെഡിക്കൽ റിപ്പോർട്ടിലെ പല വിവരങ്ങളും തെറ്റാണ്. പ്രായം പോലും ശരിയായല്ല രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിലെ സത്യാവസ്ഥ ഇപ്പോഴും അറിയില്ല. പാർട്ടിയ്ക്കേ ഇതിലെ സത്യാവസ്ഥ വെളിപ്പെടുത്താനാകൂ' - സീന പറയുന്നു.

സീന ഭാസ്കറിന്റെ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് ബ്രിട്ടോയെ ചികിത്സിച്ച തൃശൂരിലെ ആശുപത്രി അധികൃതരും ഡോക്ടർമാരും. 12 മണിക്കൂർ വൈകിയാണ് ബ്രിട്ടോയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ബ്രിട്ടോയുടെ മരണം സംഭവിച്ചിരുന്നുവെന്നും ചികിത്സിച്ച ഡോക്ടർ അബ്ദുൾ അസീസ് പറഞ്ഞു. മരണത്തിൽ ദൂരൂഹതയില്ലാത്തതിനാൽ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ വേണ്ടെന്ന് കാണിച്ച് കൂടെയുണ്ടായിരുന്നവർ എഴുതി നൽകിയ കത്തും പുറത്ത് വന്നിട്ടുണ്ട്.

അതേസമയം, മരണത്തിൽ ദുരൂഹതയില്ലെന്ന് തോന്നിയതിനാലാണ് പോസ്റ്റ്മോർട്ടം വേണ്ടെന്ന് വച്ചതെന്നും ഇത് പാർട്ടി നേതൃത്വത്തോട് ആലോചിച്ച് തന്നെയാണ് തീരുമാനിച്ചതെന്നും സി.പി.എം കൂർക്കഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ. സുനിൽകുമാർ വ്യക്തമാക്കി. രാവിലെ മുതൽ ആശുപത്രിയിൽ കൊണ്ടു പോകാൻ ശ്രമിച്ചതാണ്. ബ്രിട്ടോ സമ്മതിക്കാത്തതു കൊണ്ടാണ് ആശുപത്രിയിൽ കൊണ്ടു പോകാതിരുന്നത്. വൈകിട്ട് അഞ്ചുമണിക്കാണ് ആശുപത്രിയിൽ കൊണ്ടു പോയത്. സീന ഇപ്പോൾ എന്താണ് ഇങ്ങനെ പറയുന്നത് എന്നറിയില്ലെന്നും പ്രാദേശികനേതാക്കൾ പറയുന്നു.