പനാജി: വെറും രാഷ്ട്രീയ നേട്ടത്തിനായാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ കാണാനെത്തിയതെന്ന് വ്യക്തമാക്കി ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് രാഹുൽ താനുമായി ഒന്നും ചർച്ച ചെയ്തില്ലെന്നും പരീക്കർ പറഞ്ഞു. രാഹുലിനെ സ്വീകരിച്ചത് ആരോഗ്യപരമായ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നെന്നും എന്നാൽ അതിന് പിന്നാലെ മാദ്ധ്യമ വാർത്തകൾ കണ്ടപ്പോഴാണ് സന്ദർശനത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചെന്ന് മനസിലായതെന്നും കത്തിൽ പരീക്കർ വിശദമാക്കി.
പാൻക്രിയാസ് രോഗബാധിതനായ പരീക്കറുടെ ആരോഗ്യ വിവരങ്ങളറിയാനായി രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. എന്നാൽ മോദി തീരുമാനിച്ച റാഫേൽ ഇടപാടിൽ തനിക്കൊന്നും ചെയ്യാനില്ലെന്ന് പരീക്കർ പ്രതികരിച്ചതായി സന്ദർശനത്തിനു പിന്നാലെ കൊച്ചിയിലെ കോൺഗ്രസ് ബൂത്തുതല പ്രവർത്തകരുടെ സമ്മേളനത്തിൽ രാഹുൽ വ്യക്തമാക്കിയിരുന്നു. റാഫേൽ ഇടപാട് ആസൂത്രണം ചെയ്തത് മോദിയാണെന്നും രാഹുൽ ആരോപിച്ചിരുന്നു. ഈ മാദ്ധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്കർ പ്രതിഷേധസൂചകമായി രാഹുൽ ഗാന്ധിക്ക് കത്തയച്ചത്.
അഞ്ചുമിനിട്ട് നേരം തന്നോടൊപ്പം ചെലവഴിച്ച രാഹുൽ റാഫേലിനെപ്പറ്റി ഒരക്ഷരം സംസാരിച്ചില്ലെന്നും പരീക്കർ വിശദമാക്കുന്നു. സന്ദർശനത്തിൽ നന്ദി രേഖപ്പെടുത്തുന്നതായും എന്നാൽ രാഷ്ട്രീയ നേട്ടത്തിനായി തരംതാണ പ്രസ്താവനകൾ നടത്തരുതെന്നും ഗുരുതര രോഗത്തോട് മല്ലടിക്കുന്ന ഒരാളോട് ഇത്തരം തന്ത്രങ്ങൾ പയറ്റരുതെന്നും പരീക്കർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.