rbi-

മുംബയ്: ഇടക്കാല ബഡ്‌ജറ്ര് നാളെ അവതരിപ്പിക്കാനിരിക്കേ, കൂടുതൽ ലാഭവിഹിതം ആവശ്യപ്പെട്ട് റിസർവ് ബാങ്കിനു മേൽ കേന്ദ്രസർക്കാർ വീണ്ടും സമ്മർദ്ദം ശക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബഡ്‌ജറ്രിൽ കൂടുതൽ ജനപ്രിയ പദ്ധതികൾക്ക് പണം വകയിരുത്താനും നടപ്പു സാമ്പത്തിക വർഷത്തേക്കായി കണക്കാക്കിയിരിക്കുന്ന ധനക്കമ്മി ലക്ഷ്യം കാണാനും വേണ്ടിയാണ് കേന്ദ്രനീക്കം.

നടപ്പുവർഷം ധനക്കമ്മി ജി.ഡി.പിയുടെ 3.3 ശതമാനമായി നിയന്ത്രിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞവർഷം ഇത് 3.5 ശതമാനമായിരുന്നു. എന്നാൽ,​ ജി.എസ്.ടി സമാഹരണം ലക്ഷ്യം കാണാത്ത സാഹചര്യത്തിൽ ഇക്കുറി 3.3 ശതമാനത്തിൽ ധനക്കമ്മി നിയന്ത്രിക്കുക പ്രയാസമാണ്. 2017-18ൽ കേന്ദ്രസർക്കാരിന് ലാഭവിഹിതമായി റിസർവ് ബാങ്ക് 50,​000 കോടി രൂപ നൽകിയിരുന്നു. ഇതിൽ 10,​000 കോടി രൂപ ഇടക്കാല ലാഭവിഹിതമായി അധികം നൽകിയതാണ്. ഇക്കുറി 40,​000 കോടി രൂപയ്ക്ക് പുറമേ വീണ്ടും ഇടക്കാല ലാഭവിഹിതം നൽകണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. 2016-17ലെ കുടിശികയായി 13,​140 കോടി രൂപ കിട്ടാനുണ്ടെന്നും കേന്ദ്രം സൂചിപ്പിച്ചിരുന്നു.

ഇടക്കാല ലാഭവിഹിതത്തിന് പുറമേ റിസർവ് ബാങ്കിന്റെ 9.6 ലക്ഷം കോടി രൂപ വരുന്ന കരുതൽ ധനശേഖരത്തിൽ നിന്നൊരു വിഹിതവും സർക്കാർ ചോദിച്ചതാണ് റിസർവ് ബാങ്കും ധനമന്ത്രാലയവും തമ്മിലെ പോരിന് വഴിതെളിച്ചത്. തുടർന്നാണ്,​ ഉർജിത് പട്ടേൽ രാജിവയ്‌ക്കുകയും ശക്തികാന്ത ദാസ് പകരം ചുമതല എൽക്കുകയും ചെയ്‌തത്. അതേസമയം,​ കേന്ദ്രത്തിന്റെ ആവശ്യത്തോട് റിസർവ് ബാങ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.