bud

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ രണ്ടു ബഡ്‌ജറ്റുകൾ. പിണറായി വിജയൻ സർക്കാരിന്റെ 2019-20 സാമ്പത്തിക വർഷത്തേക്കുള്ള നാലാം ബഡ്‌ജറ്റ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ഇന്ന് അവതരിപ്പിക്കും. നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബഡ്‌ജറ്ര് അവതരണം നാളെയാണ്. 'ഇടക്കാല ബഡ്‌ജറ്റ്" തന്നെ ആയിരിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയെങ്കിലും ജനപ്രിയ പ്രഖ്യാപനങ്ങൾ നിറയുമെന്ന് ഉറപ്പ്.

അരുൺ ജയ്‌റ്ര്‌ലി അമേരിക്കയിൽ ചികിത്സയിലായതിനാൽ ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പീയുഷ് ഗോയലാണ് ഇക്കുറി കേന്ദ്ര ബഡ്‌ജറ്ര് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ,​ കേന്ദ്ര ബഡ്‌ജറ്ര് ജനപ്രിയമാകുമെന്ന് മനസിൽക്കണ്ട്,​ അതിനോട് മത്സരിക്കാനുറച്ചുള്ള പ്രഖ്യാപനങ്ങൾ ഡോ. തോമസ് ഐസക്കിൽ നിന്ന് ഇന്ന് പ്രതീക്ഷിക്കാം. അതായത്,​ ജനങ്ങൾക്ക് നല്ലകാലം വരാൻ പോകുന്നുവെന്ന് അർത്ഥം!

നോട്ട് അസാധുവാക്കൽ,​ ജി.എസ്.ടി തുടങ്ങിയവ സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയെ ബാധിച്ച പശ്‌ചാത്തലത്തിൽ അടിയന്തര ശ്രദ്ധ ആവശ്യമായ മേഖലകൾക്ക് ഊന്നൽ നൽകിയ ബഡ്‌ജറ്രാണ് ഡോ. ഐസക്ക് കഴിഞ്ഞതവണ അവതരിപ്പിച്ചത്. ആരോഗ്യം,​ വിദ്യാഭ്യാസം,​ ടൂറിസം,​ പരമ്പരാഗത തൊഴിൽ,​ സ്‌ത്രീക്ഷേമം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം ലഭിച്ചു. ഇക്കുറിയും ധനമന്ത്രി ഇവയെ തലോടുമെന്ന് കരുതാം. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണം ലക്ഷ്യമിടുന്ന പദ്ധതിയായിരിക്കും ഇക്കുറി ഐസക് ബഡ്‌ജറ്രിന്റെ കാതൽ. കേരളത്തിന്റെ പുനർനിർമ്മാണത്തിനായി സംസ്ഥാന സർക്കാർ ഒന്നും ചെയ്‌തിട്ടില്ലെന്ന വിമർശനങ്ങളുണ്ട്. ഇതു മറികടക്കാനായി പ്രത്യേക കേരള പുനർനിർമ്മാണ പാക്കേജ് തന്നെ ബഡ്‌ജറ്രിൽ പ്രതീക്ഷിക്കാം.

കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഫണ്ട് കണ്ടെത്താനുള്ള ഒരു ശതമാനം പ്രത്യേക സെസ് ഏതൊക്കെ ഉത്‌പന്നങ്ങൾക്ക് ഏർപ്പെടുത്തുമെന്നതാണ് ബഡ്‌ജറ്രിൽ ഏവരും ഉറ്റുനോക്കുന്ന മറ്രൊരു പ്രധാനകാര്യം. ഉത്പന്നങ്ങളുടെ വിലയിന്മേലാകും സെസ് ഏർപ്പെടുത്തുക. ഇത് വിലക്കയറ്രം സൃഷ്‌ടിക്കും.

പ്രധാനമായും കർഷകരുടെയും ഇടത്തരം വരുമാനക്കാരുടെയും വോട്ട് ലക്ഷ്യമിടുന്നതായിരിക്കും മോദി സർക്കാരിന്റെ ഇടക്കാല ബഡ്‌ജറ്ര്. കാർഷിക മേഖലയ്‌ക്കുള്ള വായ്‌പ കഴിഞ്ഞ ബഡ്‌ജ‌റ്റിൽ പ്രഖ്യാപിച്ച പതിനൊന്ന് ലക്ഷം കോടി രൂപയിൽ നിന്ന് ഇക്കുറി 12 ലക്ഷം കോടി രൂപയാക്കിയേക്കും. കർഷകർക്ക് പലിശരഹിത വായ്‌പ,​ വിത്തിന് പ്രീമിയം രഹിത ഇൻഷ്വറൻസ്,​ വിവിധ സബ്‌സിഡികൾ ബാങ്ക് അക്കൗണ്ട് മുഖേന നേരിട്ട് നൽകൽ തുടങ്ങിയ പദ്ധതികളും പ്രതീക്ഷിക്കാം. വിളകൾക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപനവുമുണ്ടായേക്കും.

ആദായ നികുതി ഇളവിന്റെ പരിധി നിലവിൽ രണ്ടരലക്ഷം രൂപയാണ്. ഇത് മൂന്നു ലക്ഷമോ അഞ്ചുലക്ഷമോ രൂപയായി ഉയർത്തിയേക്കും. ശമ്പള വരുമാനക്കാർക്കുള്ള 80 സി പ്രകാരമുള്ള ആദായനികുതി ഇളവിന്റെ പരിധി ഒന്നരലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷം രൂപയാക്കിയേക്കും.

ഐസക് ബഡ്‌ജറ്റ്

 പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനുള്ള പാക്കേജാണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്

 ഒരു ശതമാനം പ്രത്യേക ജി.എസ്.ടി സെസ് ബാധകമായ ഉത്‌പന്നങ്ങളുടെ പട്ടികയും അറിയാം

പീയുഷ് ബഡ്‌ജറ്റ്

 പലിശരഹിത വായ്‌പ ഉൾപ്പെടെ കാർഷിക മേഖലയ്ക്കായി ഒട്ടേറെ പ്രഖ്യാപനങ്ങൾ

 ആദായ നികുതി ഇളവിന്റെ പരിധി 3-5 ലക്ഷം രൂപയാക്കിയേക്കും

 80 സി പ്രകാരമുള്ള ഇളവിന്റെ പരിധി രണ്ടുലക്ഷം രൂപയാക്കിയേക്കും