pm-modi-

ന്യൂഡൽഹി : സ്റ്റേജിൽ നിന്ന് തെന്നിവീണ ക്യാമറാമാനെ സഹായിക്കുന്നതിന് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സൂറത്തിൽ ഇന്ന് വൈകിട്ട് നടന്ന യൂത്ത് കോൺക്ലേവിനിടെയാണ് സംഭവം. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ക്യാമറാമാൻ കാലുതെറ്റി നിലത്ത് വീണത്. തുടർന്ന് തന്റെ പ്രസംഗം നിറുത്തി വച്ച് ക്യാമറാമാനെ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു മോദി. തുടർന്ന് ആളുകൾ ചേർന്ന് ക്യാമറാമാനെ ആശുപത്രിയില്‍ എത്തിച്ചു.

എന്നാൽ പ്രധാനമന്ത്രി മോദി ആദ്യമായല്ല തന്റെ പ്രസം​ഗം പകുതിക്ക് വച്ച്‌ നിറുത്തുന്നത്. കഴിഞ്ഞ വർഷം ബി.ജെ.പിയുടെ ഡൽഹിയിലെ ആസ്ഥാനമന്ദിരത്തിന് സമീപത്തുള്ള പള്ളിയിൽ ബാങ്ക് വിളിക്കുന്നതിനെ തുടർന്ന് മോദി രണ്ട് മിനിട്ട് പ്രസം​ഗം നിറുത്തി വച്ചിരുന്നു.

അതേസമയം 2013 ആ​ഗസ്റ്റ് 15ന് മോദി പങ്കെടുത്ത സ്വാതന്ത്ര്യദിന പരിപാടിക്കിടെ ​ഗുജറാത്ത് ഡിജിപി കുഴഞ്ഞുവീണു. എന്നാൽ അന്ന് അത് ശ്രദ്ധിക്കാതെ മോ​ദി തന്റെ പ്രസം​ഗം തുടരുകയായിരുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു സംഭവം. 2014ലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ​രോ​ഗാവസ്ഥയിലായ ആളെ പരി​ഗണിക്കാതെ തന്റെ പ്രസം​ഗം തുടർന്ന് മോദിക്കെതിരെ ​രൂക്ഷവിമർശനമാണ് ഉയർന്നത്.

കാല്‍ തെറ്റി നിലത്തുവീണ ക്യാമറാമാനെ കൈപിടിച്ച്‌ എഴുന്നേൽപ്പിച്ച രാഹുൽ ​ഗാന്ധിയുടെ വീഡിയോയ്ക്കൊപ്പം ഏറ്റവും കൂടുതൽ താരതമ്യം ചെയത് പ്രചരിപ്പിക്കുന്ന വീഡിയോയും 2013ലെ ഈ സംഭവം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

ഒഡിഷയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് കാല്‍ തെറ്റി വീണ ക്യാമറാമാനെ കൈപിടിച്ച്‌ രക്ഷിച്ചാണ് രാഹുൽ ഗാന്ധി താരമായത്. ഭുവനേശ്വറിൽ രാഹുലിന്റെ സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ ക്യാമറാമാൻ കാല്‍ തെറ്റി നിലത്തു വീഴുകയും അത് കണ്ടയുടനെ അയാളുടെ അടുത്തേക്കെത്തി കൈപിടിച്ച്‌ രാഹുൽ എഴുന്നേല്‍പ്പിക്കുകയുമായിരുന്നു.