അബുദാബി: ഫ്രാൻസിസ് മാർപ്പാപ്പയുടെ കുർബാനയിൽ പങ്കെടുക്കാൻ യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അവധി. യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ബുധനാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഫെബ്രുവരി അഞ്ചിന് അബുദാബി ഷെയ്ഖ് സായിദ് സ്പോർട്സ് സിറ്റിയിലാണ് മാർപ്പാപ്പ പങ്കെടുക്കുന്ന കുർബാന നടക്കുന്നത്. കുർബാനയിൽ പങ്കെടുക്കാൻ പാസ് ലഭിച്ചവർക്കാണ് അവധി ലഭിക്കുക.
അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് പോപ് യു.എ.ഇ.യിലെത്തുന്നത്.
ഉയർന്ന ധാർമികമൂല്യങ്ങൾ മുറുകെപ്പിടിക്കുന്നവരെ ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ ദേശത്തിന്റേയോ അതിർവരമ്പുകൾക്കപ്പുറം കൈപിടിച്ച് ചേർത്ത് നിർത്തുന്ന പാരമ്പര്യമാണ് യു.എ.ഇ.യുടേത്. യു.എ.ഇ.യിലുള്ള മുഴുവൻ ജനങ്ങളിലും സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശം പകരുന്നതോടൊപ്പം ലോകരാജ്യങ്ങൾ തമ്മിലുള്ള ബന്ധം സമാധാനപൂർണമാക്കാനും പോപ്പിന്റെ സന്ദർശനം കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.