ഹാമിൽട്ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ നാലാമത്തെ മത്സരം ഇന്ന് നടക്കും. ഹാമിൽട്ടണിൽ ഇന്ത്യൻ സമയം രാവിലെ 7.30 മുതലാണ് മത്സരം. ആദ്യ മൂന്ന് ഏകദിനങ്ങളിലും തകർപ്പൻ ജയം നേടി പരമ്പര സ്വന്തമാക്കിയ ഇന്ത്യ യാതൊരു സമ്മർദ്ദവുമില്ലാതെയാണ് ഇന്ന് കളത്തിലിറങ്ങുന്നത്. അതേസമയം ഇതുവരെ പരമ്പരയിലെ ഒരു മത്സരവും ജയിക്കാനാകാത്ത കിവികൾ ഇന്ന് ജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.
ജയം തുടരാൻ
നായകൻ കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാൽ പകരം രോഹിത് ശർമ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരമായ രോഹിതിന്റെ ഇരുന്നൂറാം ഏകദിന മത്സരം കൂടിയാണിത്. അതേ സമയം ഹാംസ്ട്രിംഗ് ഇഞ്ച്വറിയുടെ പിടിലായ
ധോണി ഇന്ന് കളിക്കുമോയെന്ന കാര്യം അവസാന നിമിഷം വരെ ഉറപ്പായിട്ടില്ല. ധോണി ഇന്നലെ നെറ്റ്സിൽ പരിശീലനം നടത്തിയിരുന്നു. ഇന്നത്തെ മത്സരത്തിൽ ജയിക്കാനായാൽ ന്യൂസിലൻഡിൽ ഏറ്രവും വലിയ പരമ്പര വിജയം എന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാക്കാം. കൊഹ്‌ലിക്ക് പകരം പ്രതീക്ഷയുണർത്തുന്ന യുവതാരം ശുഭ്മാൻ ഗില്ലിന് ഇന്ന് അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കാർത്തിക്ക് തന്നെ കളിക്കാനും സാധ്യതയുണ്ട്. കൊഹ്‌ലയുടെ മൂന്നാം നമ്പർ പൊസിഷനിൽ അമ്പാട്ടി റായ്ഡു എത്തിയേക്കും.
സാധ്യതാ ടീം: രോഹിത്,ധവാൻ, റായ്ഡു, കാർത്തിക്ക്, കേദാർ, ധോണി, പാണ്ഡ്യ, കുൽദീപ്, ഭുവനേശ്വർ,ഷാമി, ചഹാൽ.
ജയിക്കാൻ കിവികൾ
മുഖം രക്ഷിക്കാൻ ജയിച്ചേ പറ്റൂ എന്ന നിലയിലാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്. ടെയ്ലർ ഫോമിലേക്ക് തിരിച്ചെത്തിയത് അവർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ രണ്ട് മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജയിംസ് നീഷാം, ടോഡ് ആസ്റ്റിൽ എന്നിവർ ഇഷ് സോധിക്കും ഡഗ് ബ്രാസ്‌വെല്ലിനും പകരം ടീമിലെത്തിയേക്കും. ടീം സൗത്തി ഇന്ന് കളിച്ചേക്കില്ല.
സാധ്യതാ ടീം: ഗപ്ടിൽ, മുൺറോ, വില്യംസൺം, ടെയ്‌ലർ, ലതാം ,നിക്കോളാസ്, നീഷം, സാന്റ്നർ, ആസ്റ്രിൽ, ഫർഗൂസൺ, ബൗൾട്ട്.
രോഹിതിന്റെ 200-ാം ഏകദിനം
ഇന്ത്യ ഇറങ്ങുന്നത് ന്യൂസിലൻഡിലെ ഏറ്രവും വലിയ പരമ്പര വിജയം തേടി.