pm-modi-

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ‘പി.എം. നരേന്ദ്ര മോദി’ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് തിയേറ്രറുകളിലെത്തുമെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ താരനിർണയവും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. വിവേക് ഒബ്റോയിയാണ് നരേന്ദ്രമോദിയായി വേഷമിടുന്നത്. ബോമൻ ഇറാനി, ദർശൻ കുമാർ, സറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണൻ, ബർഖ ബിഷ്ട് സെൻഗുപ്ത, അക്ഷത് ആർ. സലൂജ, അൻജൻ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യാതിൻ കാര്യേക്കർ എന്നിവരാണ് മറ്റ് താരങ്ങൾ.

ചിത്രത്തിന്റെ കൃത്യമായ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും ഇലക്‌ഷനു മുൻപായി ചിത്രം തിയേറ്ററുകളിലെത്താനാണ് സാദ്ധ്യത കൂടുതൽ. പ്രതിഭാധനരായ ഈ താരങ്ങൾക്കൊപ്പം വർക്ക് ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നിർമ്മാതാവ് സന്ദീപ് സിംഗ് പറഞ്ഞു.

‘മേരികോം’, ‘സരബ്ജിത്ത്’ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ഓമംഗ് കുമാറാണ് ചിത്രംസംവിധാനം ചെയ്യുന്നത്. ഗുജറാത്തിലാണ് ചിത്രത്തിന്റെ ആദ്യഭാഗങ്ങൾ ഷൂട്ട് ചെയ്യുന്നത്. വ്യക്തി പ്രഭാവം കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ലോകത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന നേതാക്കളിൽ ഒരാളാണ് നരേന്ദ്ര ഭായ്. അദ്ദേഹത്തിന്റെ ജീവിതം സ്ക്രീനിൽ അവതരിപ്പിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കർമ്മമാണ്. ഈ അവിശ്വസനീയമായ യാത്ര പൂർത്തിയാക്കാൻ എനിക്ക് താങ്കളുടെ അനുഗ്രഹം വേണമെന്ന് ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ചിന്റെ വേളയിൽ വിവേക് ഒബ്റോയ് പറഞ്ഞിരുന്നു.

മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് മലയാളത്തിലടക്കം 23 ഭാഷകളിലായി ‘പി.എം. നരേന്ദ്ര മോദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.