ayodhya

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷത്ര നിർമ്മാണത്തിനായി ഫെബ്രുവരി 21ന് ശിലാസ്ഥാപനം നടത്തുമെന്ന് പ്രഖ്യാപനം. ഇതിന്റെ ഭാഗമായി അഞ്ഞൂറിലേറെ സന്യാസിമാർ അയോദ്ധ്യയിലേക്ക് മാർച്ച് നടത്തുമെന്ന് ബദരീനാഥ് ജ്യോതിർ മഠാധിപതി സ്വരൂപാനന്ദ സരസ്വതി പ്രഖ്യാപിച്ചു. സ്വരൂപാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ചേർന്ന സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്.

അലഹാബാദിൽ നടക്കുന്ന കുംഭമേളയിലാണ് അഞ്ഞൂറിലേറെ സന്യാസിമാർ യോഗം ചേർന്ന് തീരുമാനം പ്രഖ്യാപിച്ചത്. 'രാമക്ഷേത്രത്തിനായുള്ള അവസാന പോരാട്ടത്തിന് സമയമായിരിക്കുന്നു. ഇനി ഇക്കാര്യത്തിൽ ഹിന്ദു സമൂഹത്തിനു ആരുടെ മുന്നിലും കാത്തു നിൽക്കാന്‍ കഴിയില്ല' സ്വരൂപാനന്ദ സരസ്വതി പ്രഖ്യാപിച്ചു. രാമക്ഷത്രത്തിന് വേണ്ടി ജീവൻ നൽകാൻ പോലും ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ ‌തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ആർ.എസ്.എസ് ക്ഷേത്രത്തിനായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നാണ് ഇവർ പറയുന്നത്. അതുകൊണ്ട് തന്നെ ആർ.എസ്.എസിനെ എതിർക്കുന്ന സന്യാസികളുടെ നേതാവായിട്ടാണ് സ്വരൂപാനന്ദ സരസ്വതിയെ ആർ.എസ്.എസ് ഉയർത്തിക്കാട്ടുന്നത്.