uae

ദുബായ്: ഫ്രാൻസിസ് മാർപ്പാപ്പ യു.എ.ഇ സന്ദർശനത്തിനെത്തുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം. അബുദാബിയിൽ ഫ്രാൻസിസ് മാർപാപ്പ കാർമികത്വം വഹിക്കുന്ന കുർബാനയിൽ മലയാളത്തലുള്ള പ്രാർത്ഥനയും മുഴങ്ങും. രണ്ടുമണിക്കൂർ നീളുന്ന കുർബാനയിൽ മധ്യസ്ഥ പ്രാർത്ഥനകളിലൊന്ന് മലയാളത്തിലാണ്. അൾത്താര വൈദിക സംഘത്തിലും ബാലന്മാരിലും ഗായകസംഘത്തിലും മലയാളിസ്പർശമുണ്ട്.

മാർപാപ്പയെ കൊട്ടാരത്തിൽ സ്വീകരിക്കുന്ന വൈദികരിൽ 5 പേർ മലയാളികളാണ്. അടുത്തമാസം 3 മുതൽ 5 വരെയാണു മാർപാപ്പയുടെ യു.എ.ഇ സന്ദർശനം. 5ന് രാവിലെ 10.30ന് അബുദാബി സായിദ് സ്പോർട്സ് സിറ്റിയിൽ കുർബാന അർപ്പണം. 5 ഭാഷകളിലാവും പ്രാർഥനകൾ. യുഎഇയിയോടുള്ള ആദരസൂചകമായി ആദ്യ വായന അറബിക്കിലാണ്. മാർപാപ്പയുടെ കുർബാനയും പ്രസംഗവും ഇംഗ്ലിഷിലും. ആരാധനയുടെ ചുമതലയുള്ള ഗോവ സ്വദേശി കപ്പൂച്ചിൻ സഭയിലെ ഫാ. റോഡ്സൺ ഗോസ് കുർബാന അർപ്പണത്തിൽ സഹായിയാകും. കേരളത്തിൽ നിന്നു സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ എന്നിവരും എത്തുന്നുണ്ട്.

മതാന്തര സംവാദത്തിൽ അമൃതാനന്ദമയി മഠത്തിൽ നിന്ന് സ്വാമി അമൃതസ്വരൂപാനന്ദ, കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിസയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഡോ.ഗീവർഗീസ് മാർ യൂലിയോസ് എന്നിവരും പങ്കെടുക്കും.