റിയാദ്:സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൽ പ്രഥമ ഇന്ത്യാ സന്ദർശനത്തിനായി അടുത്ത മാസം എത്തുന്നു. ഇന്ത്യയടക്കമുളള രാജ്യങ്ങളുമായി നിക്ഷേപ സഹകരണ ബന്ധം ഊഷ്മളമാക്കലാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. യാത്ര സംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം സൗദി ഇതുവരെ നടത്തിയിട്ടില്ല. സന്ദർശന തീയ്യതി ഉടനെ പ്രഖ്യാപിക്കും.
ഏഷ്യൻ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഇന്ത്യയെ കൂടാതെ, പാകിസ്ഥാൻ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും സന്ദർശനം നടത്തുന്നുണ്ടെന്നും സ്ഥീതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ജൂണിൽ ജപ്പാനിൽ ജി 20 ഉച്ചകോടി നടക്കുന്നുണ്ട്. ഇതിനു മുന്നോടിയായാണ് മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനമെന്നും കരുതപ്പെടുന്നു.
സൗദിയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധവും നിക്ഷേപക സൗഹൃദവും വളർത്തലാണ് സന്ദർശനത്തിന്റെ ലക്ഷ്യം. നവംബറിൽ നടന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച നടന്നിരുന്നു.