തിരുവനന്തപുരം: സ്വന്തം മാലിന്യം മറ്റുള്ളവരുടെ പറമ്പിലും റോഡിലും തള്ളി മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് മാതൃകയായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ അധികൃതർ. റെയിൽവേ സ്റ്റേഷനിൽ ദിനംപ്രതിയുണ്ടാകുന്ന ടൺ കണക്കിന് മാലിന്യം സംസ്കരിച്ച് പുനരുപയോഗിക്കുന്നതിനും വളം നിർമ്മിക്കുന്നതിനുമായി സ്റ്റേഷന്റെ റെയിൽവേ യാർഡിൽ വൻ സംസ്കരണശാല തയ്യാറായി കഴിഞ്ഞു.
മുപ്പത് ലക്ഷം രൂപ ചെലവിട്ടാണ് റെയിൽവേ കൂറ്റൻ മാലിന്യ പ്ലാന്റ് നിർമ്മിച്ചത്. കുടുംബശ്രീ മിഷന്റെയും ഹരിത കേരള മിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കിയത്. ദിവസവും 12 മുതൽ 15 വരെ ദീർഘദൂര ട്രെയിനുകൾ സെൻട്രൽ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്നുണ്ട്. ജൈവ - അജൈവ മാലിന്യമായി ദിവസവും രണ്ട് ടൺ മാലിന്യമാണ് സെൻട്രൽ സ്റ്റേഷനിൽ ദിനംപ്രതി വന്നടിയുന്നത്. 2100 കിലോഗ്രാമോളം ഇരുമ്പ്, ഹെൽമറ്റുകൾ, ഇലക്ട്രോണിക്സ്, ചെരുപ്പ്, റബർ തുടങ്ങിയ വസ്തുക്കളും ഇതിന് പുറമേ എത്തുന്നുണ്ട്. മാലിന്യ പ്രശ്നം അധികമായതോടെ മാലിന്യം സംസ്കരിക്കുന്നതിനായി ഷ്രെഡർ, ഇൻസിനറേറ്റർ, ഡസ്റ്റ് റിമൂവർ, നാപ്കിൻ സംസ്കരിക്കുന്നതിനുള്ള മെഷീനുകൾ, പ്ലാസ്റ്റിക് കുപ്പികൾ പൊടിച്ച് ഇല്ലാതാക്കുന്നതിന് മെഷീൻ തുടങ്ങിയവ സ്ഥാപിച്ചിരുന്നു.
മാലിന്യം ശേഖരിക്കാൻ റെയിൽവേ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയോഗിച്ചു. അവർ ദിവസവും 8000 കിലോഗ്രാം മാലിന്യമാണ് ശേഖരിച്ച് റെയിൽവേ യാർഡിന് സമീപത്തെ താഴ്ന്ന ഭാഗത്ത് ശേഖരിക്കുകയും പിന്നീട് ലാൻഡ് ഫില്ലിംഗ് കരാറുകാരും മറ്റും കൊണ്ടുപോകുകയുമായിരുന്നു ഇതു വരെയുള്ള രീതി. മഴക്കാലത്ത് വെള്ളം നിറഞ്ഞ് ഇത് വൻ പകർച്ചവ്യാധിക്കും മറ്റും ഇടയാക്കുമെന്ന ആശങ്കയുമുണ്ടായിരുന്നു. ഇതൊഴിവാക്കാനും കൂടിയാണ് സ്വന്തം നിലയിൽ മാലിന്യ സംസ്കരണ സംവിധാനമുണ്ടാക്കിയത്.
സംസ്കരണം ഇങ്ങനെ
പ്ലാസ്റ്റിക് മാലിന്യം 15 കുതിരശക്തിയുള്ള പൊടിക്കാനുള്ള യന്ത്രത്തിലും പിന്നീട് 7.5 കുതിരശക്തിയുള്ള ബോയിലിംഗ് പ്ലാന്റിലുമിട്ട് സംസ്കരിച്ച് കേക്കുകളാക്കും. ഇത് പിന്നീട് റോഡ് നിർമ്മാണത്തിനും മറ്റും ഉപയോഗിക്കും. ഭക്ഷ്യാവശിഷ്ടങ്ങളടക്കമുള്ള ജൈവ മാലിന്യങ്ങൾ പൊടിച്ച് വളമാക്കി മാറ്റും. ആദ്യം സിറ്റി റെയിൽവേ സ്റ്റേഷനിലെയും പിന്നീട് നേമം, കൊച്ചുവേളി, പേട്ട സ്റ്റേഷനുകളിലെയും മാലിന്യങ്ങളും ഇവിടെ സംസ്കരിക്കും. അതിന് ശേഷം രണ്ടാം ഘട്ടത്തിൽ റെയിൽവേ മെയിന്റനൻസ് യാർഡ്, റെയിൽവേ കോളനി, ഡിവിഷണൽ ഓഫീസ്, ആഡിറ്റോറിയം തുടങ്ങി മറ്റിടങ്ങളിലെയും മാലിന്യം ഇവിടെ സംസ്കരിക്കും.
റെയിൽവേയുടെ സംസ്കരണപ്ലാന്റ് വിജയിക്കുകയാണെങ്കിൽ അത് നഗരത്തിന് മൊത്തം മാതൃകയാക്കി അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. സംഗതി വിജയിച്ചാൽ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ സ്റ്റേഷനിലും പദ്ധതി നടപ്പാക്കാൻ റെയിൽവേയും തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യമാലിന്യം സംസ്കരിക്കാൻ പ്രത്യേക സംവിധാനവും മറ്റ് പാഴ്വസ്തുക്കളും ഇരുമ്പും മറ്റും തരംതിരിച്ച് സ്ക്രാപ്പ് വെണ്ടർമാർക്ക് നൽകാനും റെയിൽവേ കരാർ ഒപ്പുവച്ചു.