തിരുവനന്തപുരം:ഉദ്യാനവും പാർക്കുമൊക്കെയായി തൈക്കാട് ശാന്തികവാടത്തിന്റെ മാതൃകയിൽ കഴക്കൂട്ടത്തും നഗരസഭ ശ്മശാനം നിർമ്മിക്കാനൊരുങ്ങുന്നു. 1.88 കോടിരൂപ ചെലവിൽ കഴക്കൂട്ടം വിളയിൽക്കുളം തെക്കേമുക്കിലെ പഴയ ശ്മശാനഭൂമിയിൽ ആധുനിക രീതിയിലുള്ള ഗ്യാസ് ക്രിമിറ്റോറിയങ്ങൾ നിർമ്മിക്കാനുള്ള കരാർ നഗരസഭ നൽകിക്കഴിഞ്ഞു. 'നിത്യ ശാന്തി" എന്ന് പേരിട്ടിരിക്കുന്ന ശ്മശാനത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 3ന് മേയർ വി.കെ. പ്രശാന്ത് നിർവഹിക്കും.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിബന്ധനകൾ അംഗീകരിച്ചുള്ള രണ്ട് ഗ്യാസ് ക്രിമിറ്റോറിയങ്ങളാണ് ശ്മശാനത്തിൽ സ്ഥാപിക്കുന്നത്.മൃതദേഹം ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനായി പുക വെള്ളത്തിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ചാണ് പുറത്ത് വിടുക.
ഏകദേശം 45000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പാർക്കിംഗ് സൗകര്യം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിലവിൽ പ്രവർത്തന സജ്ജമല്ലാതിരുന്ന പഴയ വിറക് ശ്മശാനം നവീകരിക്കുന്നത്. ഏകദേശം അഞ്ച് മാസത്തെ കാലാവധിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭ അധികൃതർ പറയുന്നു. കഴക്കൂട്ടം പഞ്ചായത്തിന്റെ കീഴിലായിരുന്നു നിലവിലെ ശ്മശാനം എന്നാൽ നഗരസഭയ്ക്ക് കീഴിലായതിന് ശേഷം ഒന്നോ രണ്ടോ മൃതദേഹങ്ങൾ മാത്രമെ ഇവിടെ ദഹിപ്പിച്ചിട്ടുള്ളൂ. ശ്മശാനം ആധുനികവത്കരിക്കണം എന്ന ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെതുടർന്നാണ് പദ്ധതി.
സൗകര്യങ്ങൾ
പദ്ധതി വളരെ പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് ആഗ്രഹം. തൈക്കാട് ശാന്തികവാടത്തിൽ പുതുതായി ഒരു ഗ്യാസ് ചേംബർ കൂടി സ്ഥാപിക്കും. മേയർ വി.കെ. പ്രശാന്ത്