തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ജീവിത ശൈലിരോഗ നിർണയ ക്ലിനിക്കിന് ആരോഗ്യവകുപ്പ് ഉചിതമായ സ്ഥലം അന്വേഷിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. ആശുപത്രി വളപ്പിൽ അത്യാഹിത വിഭാഗത്തിന് തൊട്ടുമുന്നിൽ നല്ലൊരുകെട്ടിടം വെറുതേ കിടക്കുമ്പോഴാണ് ഈ അന്വേഷണം. സർക്കാർ അനുമതിയില്ലാതെ സ്വകാര്യ വ്യക്തി പണികഴിപ്പിച്ച കെട്ടിടമാണ് മാസങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നത്. മുൻ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗമാണ് രണ്ട് വർഷം മുൻപ് കെട്ടിടം പണികഴിപ്പിച്ചത്. എന്നാൽ സ്ഥലം കൈയേറുകയാണെന്ന് മനസിലായ ആശുപത്രി അധികൃതർ നിർമ്മാണം തടഞ്ഞു. ഇതോടെ കെട്ടിടം അനാഥമായി. രണ്ട് മുറികളും വരാന്തയുമുൾപ്പെടുന്ന കോൺക്രീറ്റ് കെട്ടിടം അന്ന് മുതൽ പൊടിയും മാറാലയും മൂടി നശിക്കുകയാണ്.
ജനറൽ ആശുപത്രിയിൽ അനുവദിച്ച ജീവിതശൈലി രോഗനിർണയ ക്ലിനിക് പ്രവർത്തിപ്പിക്കാൻ കെട്ടിടം ലഭിക്കാത്തതിനാൽ സ്പെഷ്യാലിറ്റി ഒ. പിയിലാണ് താത്കാലിക പ്രവർത്തനം. ഉപയോഗമില്ലാതെ കിടക്കുന്ന ഈ കെട്ടിടത്തിലേക്ക് ജീവിത ശൈലി ക്ലിനിക് മാറ്റിയാൽ മുഴുവൻ ദിവസങ്ങളിലും ക്ലിനിക്കിന്റെ സേവനം ലഭ്യമാക്കാൻ കഴിയും.
കെട്ടിടം അനാഥമായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആശുപത്രി വികസന സമിതി യോഗത്തിൽ ആലോചിച്ചശേഷം സർക്കാർ അനുമതിയോടെ കെട്ടിടം ആശുപത്രി ആവശ്യങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയുമോയെന്ന് പരിശോധിക്കും. ഡോ. സ്റ്റാൻലി, (ആർ.എം.ഒ, ജനറൽ ആശുപത്രി)