തിരുവനന്തപുരം: നഗരത്തിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ തലസ്ഥാന നഗരസഭയെ പോലെ പഠിച്ചപണി പതിനെട്ടും പരീക്ഷിക്കുന്ന മറ്റൊരു നഗരസഭ ലോകത്തിൽ തന്നെ ഒരുപക്ഷേ വേറെയുണ്ടാകില്ല. അതിൽ ഏറ്റവും അവസാനത്തെ പരീക്ഷണമായ 'സ്മാർട്ട് ട്രിവാൻഡ്രം' ആപ്പും ഏകദേശം പൂട്ടിക്കെട്ടിയ നിലയിലായിരിക്കുകയാണ്. നാട്ടുകാരുടെ സഹകരണം അത്ര പോരാ എന്നത് തന്നെയാണ് ആപ്പ് പെട്ടിയിലാകാൻ പ്രധാന കാരണമെന്ന് നഗരസഭ പറയുന്നു.
മാലിന്യസംസ്കരണ സംവിധാനങ്ങളെക്കുറിച്ചും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നതിനുമായാണ് നഗരസഭയുടെ നേതൃത്വത്തിൽ മൊബൈൽ ആപ് കഴിഞ്ഞ ഡിസംബറിൽ പ്രവർത്തനം തുടങ്ങിയത്. മാലിന്യം തള്ളുന്നവരുടെ വിവരങ്ങൾ ചിത്രം സഹിതം അപ്പിൽ അപ്ലോഡ് ചെയ്യാനാണ് നഗരസഭ അധികൃതർ നാട്ടുകാരോട് ആവശ്യപ്പെട്ടത്. മാലിന്യത്തിനെതിരെ നാട്ടുകാരും അധികൃതരും ഒത്ത് ചേർന്നുള്ള പ്രവർത്തനമാണ് ലക്ഷ്യമിട്ടത്. എന്നാൽ ലക്ഷ്യം ഫലം കണ്ടില്ലെന്ന് മാത്രം. നൂറ് വാർഡുകളുള്ള നഗരസഭയിൽ ഇന്ന് വരെ ഒരാൾ പോലും മാലിന്യം തള്ളുന്നവരുടെ ഫോട്ടോയും എന്തിനേറെ മാലിന്യം കുന്നുകൂടി കിടക്കുന്ന സ്ഥലത്തെ ഫോട്ടോ പോലും അപ്ലോഡ് ചെയ്തില്ലെന്നാണ് അധികൃതർ പറയുന്നത്.
ഇനിയെങ്കിലും ഉപയോഗിക്കണേ
പ്ലേ സ്റ്റോറിലും ഐ.ഒ.എസ് ആപ് സ്റ്റോറിലും മൊബൈൽ ആപ് ലഭ്യമാണ്. ഇത് ഡൗൺലോഡ് ചെയ്യുന്നവർക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള എയ്റോബിക് ബിൻ യൂണിറ്റ്, സംഭരണ കേന്ദ്രം എന്നിവയുടെ സ്ഥാനം ജി.പി.എസിന്റെ സഹായത്തോടെ കണ്ടെത്താൻ കഴിയും.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 38 എയ്റോബിക് ബിൻ യൂണിറ്റുകളെക്കുറിച്ചും മാലിന്യസംഭരണ കേന്ദ്രങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ആപ്പിലുണ്ട്. മാലിന്യ ശേഖരണത്തിനായി കലണ്ടറും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അജൈവ മാലിന്യശേഖരണ കലണ്ടർ പ്രകാരം ഓരോ ഇനം മാലിന്യവും ശേഖരിക്കുന്നത് സംബന്ധിച്ച് മുൻകൂർ അറിയിപ്പുകൾ ഇതിലൂടെ ലഭ്യമാകും. നഗരസഭ ഒരുക്കുന്ന പ്രത്യേക പരിപാടികൾ സംബന്ധിച്ചും ആപ്പിലൂടെ അറിയാൻ കഴിയും. നഗരസഭയുടെ സമഗ്ര മാലിന്യ പരിപാലന നിയമാവലിക്ക് സർക്കാർ അംഗീകാരം ലഭിച്ചതിനുശേഷം ആപ്പിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട് പിഴ ചുമത്തുന്ന കേസുകളിൽ വിവരം നൽകുന്ന വ്യക്തിക്ക് പിഴയുടെ നിശ്ചിത ശതമാനം സമ്മാനമായി ലഭിക്കും.
ജനന-മരണ വിവാഹ സർട്ടിഫിക്കറ്റുകൾ ആപ്പിന്റെ സഹായത്തോടെ ഡൗൺലോഡ് ചെയ്യാനാകും. നഗരത്തിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ രജിസ്ട്രേഷനും ഇതിലൂടെ സാദ്ധ്യമാകും. രജിസ്റ്റർ ചെയ്യപ്പെടുന്ന അസോസിയേഷനുകൾക്ക് ഉടനേ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഓൺലൈനായി തന്നെ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. കെട്ടിടനിർമാണ പെർമിറ്റുകൾക്കുള്ള അപേക്ഷ, സാമൂഹിക സുരക്ഷാ പെൻഷനുകൾക്കുള്ള അപേക്ഷ എന്നിവയുടെ ലിങ്കും സ്മാർട്ട് ട്രിവാൻഡ്രത്തിൽ ലഭ്യമാണ്. കിള്ളിയാർ മെഗാ ക്ലീനിംഗിനുള്ള വോളന്റിയർ രജിസ്ട്രേഷനും ഇതിലൂടെ സാദ്ധ്യമാകും. നഗരസഭ ഓൺലൈനായി ലഭ്യമാക്കുന്ന എല്ലാ സേവനങ്ങളും സ്മാർട്ട് ട്രിവാൻഡ്രം ആപ്പിന്റെ ഭാഗമായി മാറും.