തിരുവനന്തപുരം: ആദ്ധ്യാത്മികാചാര്യനും ഭാഷ്യകാരനുമായ പ്രൊഫ. ജി. ബാലകൃഷ്ണൻ നായരുടെ എട്ടാം ചരമവാർഷികാചരണം ഫെബ്രുവരി 2 മുതൽ 5 വരെ തിരുവനന്തപുരത്ത് നടക്കും. ഇതോടനുബന്ധിച്ച് പുത്തൻചന്ത ഗാന്ധാരിഅമ്മൻ കോവിലിലെ പൗർണമി മന്ദിരത്തിൽ നടക്കുന്ന ജ്ഞാനയജ്ഞത്തിൽ ബ്രഹ്മചാരി രമേശ് - 'അദ്വൈതദീപിക' യെ ആസ്പദമാക്കി പ്രഭാഷണം നടത്തും. ദിവസവും വൈകിട്ട് 6 മുതൽ 7.30 വരെയാണ് പ്രഭാഷണം.
പ്രൊഫ. ബാലകൃഷ്ണൻ നായർ രചിച്ച ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ സി.ഡികളും യജ്ഞസ്ഥലത്ത് ലഭിക്കും. ശ്രീനാരായണ ഗുരുദേവ കൃതികൾ സമ്പൂർണവ്യാഖ്യാനം, ഭഗവദ് ഗീത ശിവാരവിന്ദം മഹാഭാഷ്യം, വേദാന്തദർശനം ഉപനിഷദ് സ്വാദ്ധ്യായം (മൂന്നു ഭാഗങ്ങൾ), ഭാഷ്യപ്രദീപം ബ്രഹ്മസൂത്രഭാഷ്യാനുവാദം, വാസിഷ്ഠസുധ യോഗവാസിഷ്ഠ സാരം, ഭാഗവതഹൃദയം, രണ്ടു വിദ്യാരണ്യ കൃതികൾ (പഞ്ചദശി, ജീവന്മുക്തി വിവേകം), രണ്ടു മലയാള മാമറകൾ (ഹരിനാമകീർത്തനം, ജ്ഞാനപ്പാന), പ്രൗഢാനുഭൂതി പ്രകരണ പ്രകാശിക എന്നിവയാണ് പ്രൊഫ. ബാലകൃഷ്ണൻ നായരുടെ രചനകൾ.
ആധുനിക കേരളം കണ്ട ഏറ്റവും വലിയ വേദാന്താചാര്യനായ പ്രൊഫ. ബാലകൃഷ്ണൻ നായരെ 'ആധുനിക കാലത്തെ രമണ മഹർഷി' എന്നാണ് സത്യാന്വേഷികൾ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് പ്രൊഫ. ജെ. ലളിത എഴുതിയ 'പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ', ബി.ആർ. രാജേഷ് എഴുതിയ 'സ്ഥിതപ്രജ്ഞൻ' എന്നീ രണ്ടു പുസ്തകങ്ങൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.