തിരുവനന്തപുരം: അരുമക്കുഞ്ഞിനെ ഉപേക്ഷിക്കാനെത്തുന്നവരോട്, അരുതേ എന്നു അമ്മത്തൊട്ടിൽ തന്നെ പറയും. പിന്മാറാതെ കുഞ്ഞിനെ ഉപേക്ഷിച്ചാൽ, ഒരുനോക്കുകൂടി കാണാൻ ആവാത്തവിധം വാതിലുകൾ അടയും. അതുകഴിഞ്ഞാൽ, കളക്ടർക്കടക്കം സന്ദേശങ്ങൾ പായും. അമ്മത്തൊട്ടിലിനെ കബളിപ്പിക്കാനും ആരും നോക്കേണ്ട. വരുന്നവരുടെ കൈകളിൽ ചോരക്കുഞ്ഞ് ഉണ്ടെങ്കിൽ മാത്രമേ ആദ്യവാതിൽ തുറക്കൂ. ഇത്തരം ഹൈടെക് സംവിധാനങ്ങളോടെ നവീകരിച്ച സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തൈക്കാട്ടുള്ള നവീകരിച്ച അമ്മത്തൊട്ടിൽ മന്ദിരം ഫെബ്രുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ ഹൈടെക്കാക്കാനുള്ള സർക്കാരിന്റെ പദ്ധതി പ്രകാരം ആദ്യം നവീകരിച്ചത് തൈക്കാട്ടെ അമ്മത്തൊട്ടിലാണ്.
എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിലെ തൊട്ടിലുകളിലും സെൻസറുകൾ ഉടൻ ഘടിപ്പിക്കും. ഓരോന്നും പത്ത് ലക്ഷം രൂപ മുടക്കിയാണ് ആധുനികവത്കരിച്ചിരിക്കുന്നത്.
തൊട്ടിലിൽ കിടത്തുന്നവരെ കാണാത്ത വിധം തൊട്ടിലിലേക്ക് മാത്രം സൂം ചെയ്ത നിലയിൽ നിരീക്ഷണ കാമറ സ്ഥാപിച്ചിരിക്കുന്നു. തൊട്ടിലിൽ കേടുപാടു വരുത്തിയാലും അറിയാനാകും. നിരീക്ഷണത്തിനായി സംസ്ഥാനതല മോണിട്ടറിംഗ് സെൽ ആരംഭിക്കുമെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് പറഞ്ഞു.
തിരുവനന്തപുരം കൈതമുക്കിൽ പ്ലാസ്റ്റിക് കവറിൽ ചോരക്കുഞ്ഞിനെ കണ്ടെത്തിയതിനെത്തുടർന്ന് 2003ലാണ് അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. എൻജിനിയറിംഗ് വിദ്യാർത്ഥികൾ രൂപകല്പന ചെയ്തതാണിത്.
അലാറം മുഴങ്ങുന്നതാണ് ആദ്യമുണ്ടായിരുന്ന സംവിധാനം. അതാകട്ടെ പലപ്പോഴും പ്രവർത്തിക്കാറില്ല. സാമൂഹ്യവിരുദ്ധർ കല്ലും മറ്റും പൊതിഞ്ഞ് കൊണ്ടുവയ്ക്കാറുണ്ട്. ഇനി അത്തരം പണിയൊന്നും നടക്കില്ല. നവീകരിക്കാൻ പല ഏജൻസികൾ സമർപ്പിച്ച മാതൃകകളിൽ സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ എന്റർപ്രൈസസ് നൽകിയതാണ് കൂടുതൽ അനുയോജ്യമെന്ന് കണ്ടെത്തി.
ആധുനിക അമ്മത്തൊട്ടിൽ ഇങ്ങനെ പ്രവർത്തിക്കും
1. കുഞ്ഞുമായി തൊട്ടിലിന് അരികെ എത്തുമ്പോൾ സെൻസർ പ്രവർത്തനക്ഷമമാകും. ശീതീകരണ സംവിധാനം, ഫാൻ എന്നിവയെല്ലാം സ്വയം പ്രവർത്തിച്ചു തുടങ്ങും. കൈയിൽ കുഞ്ഞ് ഉണ്ടെന്ന് അപ്പോൾത്തന്നെ ബോദ്ധ്യമായാലേ വാതിൽ തുറക്കൂ. സെൻസർ വഴിയാണ് തിരിച്ചറിയുന്നത്. സാമൂഹ്യ വിരുദ്ധരുടെ ശല്യം ഒഴിവാക്കാനാണിത്.
2. കുഞ്ഞിനെ ഉപേക്ഷിക്കരുതേ... എന്ന് അമ്മത്തൊട്ടിൽ അപേക്ഷിക്കും. അത് റെക്കാഡ് ചെയ്ത ഓഡിയോ സന്ദേശമാണ്. പുനരാലോചനയ്ക്ക് വേണ്ടത്ര സമയം നൽകും.
3. പിന്മാറാതിരുന്നാൽ രണ്ടാമത്തെ വാതിൽ തുറക്കും. കുഞ്ഞിനെ തൊട്ടിലിൽ നിക്ഷേപിക്കാം. കുഞ്ഞിനെ തൊട്ടിലിൽ കിടത്തുമ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എസ്.എം.എസ് ലഭിക്കും.
4. കുഞ്ഞിനെ കിടത്തിയ ശേഷം രക്ഷിതാക്കൾ തിരികെയിറങ്ങി 30 സെക്കൻഡിനുള്ളിൽ വാതിലുകൾ അടയും. അകത്തെ വാതിലിലൂടെ അധികൃതർക്ക് മാത്രമേ കുഞ്ഞിനെ എടുക്കാൻ കഴിയൂ. കുഞ്ഞിനെ ബന്ധപ്പെട്ടവർ തൊട്ടിലിൽ നിന്ന് എടുക്കുന്നത് വരെ രണ്ട് മിനിട്ട് എസ്.എം.എസ് ആവർത്തിക്കും.
5. കുഞ്ഞിന്റെ ഭാരവും ലിംഗവും ചിത്രവും ഇതിനകം സ്വമേധയാ രേഖപ്പെടുത്തും. വിവരങ്ങൾ അപ്പോൾത്തന്നെ ജില്ലാ കളക്ടർ അടക്കമുള്ള ശിശുക്ഷേമ സമിതി അധികൃതർക്ക് ഫോണിൽ ലഭിക്കും.
6. കറണ്ടില്ലാത്തപ്പോൾ ഇൻവെർട്ടർ വഴി പ്രവർത്തന സജ്ജമായിരിക്കും.