
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വിവിധ സംഘടനകളും രാഷ്ട്രീയപാർട്ടികളും പ്രതിഷേധങ്ങളും സമരങ്ങളുമായി നഗരം കൈയടക്കിയതോടെ ഗതാഗതം താറുമാറായി. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ വിവിധ സർവീസ്, സാമുദായിക സംഘടനകളുടെയും എൻഡോസൾഫാൻ ദുരിത ബാധിതരുടെയുമടക്കം നിരവധി സമരങ്ങൾക്കാണ് ഇന്നലെ നഗരം സാക്ഷിയായത്. വാഹന യാത്രക്കാരും വിദ്യാർത്ഥികളും കാൽനട യാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിച്ച് പൊലീസും വശം കെട്ടു. സെക്രട്ടേറിയറ്റ് പടിക്കാൽ മാത്രം കേന്ദ്രീകരിക്കാതെ ജാഥകളായുള്ള സമരങ്ങളായിരുന്നു കൂടുതലും. ഇതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ ഇടയാക്കിയത്.
സെക്രട്ടേറിയറ്റ് പരിസരം സമരക്കാരെക്കൊണ്ട് നിറഞ്ഞതോടെ വാഹനങ്ങൾ സ്റ്റാച്യു ഭാഗത്തേക്ക് കടത്തിവിടാതെ എം.ജി റോഡിൽ നിന്ന് വിവിധ പോക്കറ്റ് റോഡുകളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഇതോടെ നഗരത്തിലെ വിവിധ ഇടറോഡുകളും വാഹനത്തിരക്കിൽ അമർന്നു. വിദ്യാർത്ഥികളും ഓഫീസുകളിലേക്ക് എത്തിയവരും വിവിധ ആവശ്യങ്ങളുമായി നഗരത്തിലെത്തിയവരും പാതിവഴിയിൽ കുടുങ്ങി.
കുരുക്ക് രാവിലെ മുതൽ
മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും നിയമസഭയിലേക്ക് പോകാനും ഇടയ്ക്ക് മറ്റു പരിപാടികൾക്കായി വിവിധ സ്ഥലങ്ങളിലേക്ക് പോകാനും ഗതാഗത സൗകര്യം ഒരുക്കുന്നതിനായി നഗരത്തിലെ ട്രാഫിക് സിഗ്നലുകൾ രാവിലെ മുതൽ ഇടവിട്ട് ഓഫ് ചെയ്തിരുന്നു. ഇതോടെ വിദ്യാർത്ഥികളും ജോലിക്ക് പോകുന്നവരും രാവിലെ തന്നെ ഗതാഗതക്കുരുക്കിൽ പെട്ടു. ഇതിനു പിന്നാലെയാണ് സമരക്കാരുടെ വരവ്. സെക്രട്ടേറിയറ്റ് പടിക്കൽ ചെറുതും വലുതുമായി പത്തോളം സമരങ്ങളായിരുന്നു ഇന്നലെ നടന്നത്.
വാഹനങ്ങൾ തിരിച്ചുവിട്ടത് പല വഴി
രാവിലെ പത്ത് കഴിഞ്ഞതോടെ സെക്രട്ടേറിയറ്റ് പരിസരം വിവിധ സമരങ്ങളിൽ പങ്കെടുക്കാൻ എത്തിയവരെക്കൊണ്ട് നിറഞ്ഞു. സമരങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ ചാനൽ ഒ.ബി വാനുകളും നേതാക്കളുടെ വാഹനങ്ങളും സെക്രട്ടേറിയറ്റ് പരിസരത്ത് നിറഞ്ഞതോടെ തിരക്ക് നിയന്ത്രണാതീതമായി. സെക്രട്ടേറിയറ്റ് പടിക്കലെ തിരക്ക് മുന്നിൽ കണ്ട് പൊലിസ് മ്യൂസിയം- എൽ.എം.എസ് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പാളയം പബ്ലിക് ലൈബ്രറിക്കു മുന്നിൽ നിന്ന് നന്താവനം ഭാഗത്തേക്ക് തിരിച്ചുവിട്ടു. സ്റ്റാച്യു, കിഴക്കേകോട്ട, തമ്പാനൂർ ഭാഗങ്ങളിലേക്കുള്ള മുഴുവൻ വാഹനങ്ങളും ഈ വഴി തിരിച്ചു വിട്ടതോടെ ബേക്കറി ജംഗ്ഷൻ, പാളയം അണ്ടർ പാസ് എന്നിവിടങ്ങളിലും ഗതാഗതം ദുഷ്കരമായി.