കഴക്കൂട്ടം: കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള സ്ഥലങ്ങളിലെ വൈവിദ്ധ്യമാർന്ന 101ഇനം ദോശകൾ രുചിച്ചറിയണമെങ്കിൽ വരൂ കഴക്കൂട്ടത്തേക്ക്! കഴക്കൂട്ടത്തെ ആദ്യത്തെ നക്ഷത്ര ഹോട്ടലായ കാർത്തികപാർക്ക് നാളെ മുതൽ നടത്തുന്ന കഴക്കൂട്ടം ദോശ ഫെസ്റ്റിലാണ് വേറിട്ട ദോശ രുചികൾ ആസ്വദിക്കാൻ അവസരം.
വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ, ഫ്രൂട്ട്സ് എന്നിവ ഉൾപ്പെടുത്തി വ്യത്യസ്ത രുചിയിലും വാസനയിലുമാണ് ഇവ തയ്യാറാക്കുന്നത്. നാവിൽ കൊതിയൂറുന്ന ദോശവിഭവങ്ങൾ തയ്യാറാക്കുന്നത് കാർത്തികപാർക്കിലെ കർണാടകക്കാരനായ എക്സിക്യൂട്ടീവ് ഷെഫ് പ്രകാശ് ഗൗഡയുടെ നേതൃത്വത്തിലാണ്. എല്ലാ ദിവസവും വൈകിട്ട് 7 മുതൽ രാത്രി 10.30 വരെ ഹോട്ടൽ വശത്തെ മിസ്റ്റി മൂൺ ഓപ്പൺ റെസ്റ്റോറന്റിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. മാനേജിംഗ് ഡയറക്ടർ കാർത്തിക എം.കെ ബിജു ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.ഒരാൾക്ക് 300 രൂപ നൽകിയാൽ ആവശ്യാനുസരണം കഴിക്കാം. കുട്ടികൾക്ക് പകുതി വിലയെ ഈടാക്കൂ.
ഇതിനോടൊപ്പം ഹോട്ടലിൽ എത്തുന്നവർക്ക് വിവിധ തരത്തിലുള്ള ദോശ പാകം ചെയ്യുന്നത് പഠിക്കാനും സംശയങ്ങൾ ചോദിച്ചറിയാനും മാനേജ്മെന്റ് അവസരം ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് 101 തരം ദോശകളുടെ ഒരു ഫെസ്റ്റ് നടക്കുന്നതെന്ന് ഹോട്ടൽ എം.ഡി.കാർത്തിക ബിജു പറഞ്ഞു. ടെക്കികളടക്കം അന്യസംസ്ഥാനത്തെ പതിനായിരങ്ങൾ തങ്ങുന്ന കഴക്കൂട്ടത്ത് ഈ ഫെസ്റ്ര് പുതിയൊരു അനുഭവമായി മാറുമെന്ന് ഹോട്ടലിന്റെ കോർപറേറ്റ് ജനറൽ മാനേജർ വിനോദ് കുമാർ എസ്.പി പറഞ്ഞു.