തിരുവനന്തപുരം: കേരളം നേരിട്ട രണ്ടാം ദുരന്തം ശബരിമല പ്രക്ഷോഭമാണെന്ന ആമുഖത്തോടെ തുടങ്ങിയ തോമസ് ഐസകിന്റെ ബഡ്‌ജറ്റ് പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം. പ്രളയാനന്തര കേരളം നിർമിക്കാൻ കേരളം സാമ്പത്തിക സഹായം തേടിയപ്പോൾ അതിനോട് മുഖം തിരിച്ച കേന്ദ്രസർക്കാർ കേരളത്തോട് ക്രൂരത കാട്ടി. രണ്ട് മാസത്തെ ചർച്ചകൾക്ക് ശേഷം കേരളത്തിനുള്ള സാമ്പത്തിക സഹായത്തിൽ 1800 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. ഇത് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. വായ്പാ പരിധി ഉയർത്തണമെന്നാവശ്യപ്പട്ടിട്ടും അത് അംഗീകരിച്ചില്ല. സൗഹൃദ രാജ്യങ്ങൾ നൽകിയ സഹായം പോലും വാങ്ങാൻ അനുവദിച്ചില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 3229 കോടി രൂപ ലഭിച്ചു. ഈ ഫണ്ടിൽ നിന്നും 1732 കോടി വിതരണം ചെയ്‌തു. ഫണ്ടിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാത്രമേ തുക ചെലവഴിക്കൂ എന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേ വീട് നിർമാണത്തിന്, വായ്പാസഹായം ഉൾപ്പടെയുള്ള ചെലവുണ്ട്, പുനർനിർമാണത്തിന് ആയിരം കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. പ്രളയാനന്തര നവകേരളം നിർമിക്കുന്നതിന് 25 പദ്ധതികൾ രൂപീകരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. റീബിൽഡ് കേരള, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികൾ സംഘടിപ്പിക്കുന്നത്. പ്രളയത്തിന് ശേഷം കേരളം കണ്ട രണ്ടാമത്തെ ദുരന്തമാണ് ശബരിമല പ്രക്ഷോഭമെന്നും തോമസ് ഐസക് പറഞ്ഞു.
Kerala Budget 2019 Highlights and Live updates