amrutha-pranay

ഹെെദരാബാദ്: തെലങ്കാനയിൽ ജാതിമാറി വിവാഹം ചെയ്‌തതിന്റെ പേരിൽ കൊല്ലപ്പെട്ട പെരുമല്ല പ്രണയ് കുമാറിന്റെ ഭാര്യ അമൃതവർഷിണി ആൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞ വർഷം സെപ്‌തംബർ 14നാണ് പ്രണയ് കൊല്ലപ്പെട്ടത്. അമൃതവർഷിണിയുടെ മുന്നിൽവച്ചാണ് പ്രണയ് കുമാറിനെ അമൃതയുടെ വീട്ടുകാർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. ​ഗർഭിണിയായ അമൃതവർഷിണിക്കും അമ്മയ്‌ക്കുമൊപ്പം ആശുപത്രിയിൽപോയി മടങ്ങും വഴിയായിരുന്നു കൊലപാതകം. ശരീരത്തിൽ ആഴത്തിലുള്ള വെട്ടേറ്റതിനാൽ സംഭവസ്ഥലത്ത് വച്ചുതന്നെ പ്രണയ് മരിച്ചു.

പ്രണയ്-അമൃതവർഷിണി ദമ്പതികളുടെ ഒന്നാം വിവാഹ വാർഷികത്തിലാണ് അമൃതവർഷിണി ആൺകുഞ്ഞിനു ജന്മം നൽകിയത്. സുഖപ്രസവമാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും പ്രണയിന്റെ പിതാവ് ബാലസ്വാമി പറഞ്ഞു. എന്നാൽ, അമൃതയുടെ വീട്ടുകാരിൽ നിന്നുള്ള ആക്രമണം ഭയന്ന് അമ്മയും കുഞ്ഞും എവിടെയാണെന്നു ബാലസ്വാമി വെളിപ്പെടുത്തിയില്ല. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊലപാതകം നടത്തുന്നതിനായി ഒരു കോടി രൂപ പ്രതിഫലമാണ് പ്രതികൾക്ക് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ മാരുതി റാവു നൽകിയത്. കേസിൽ കൊലയാളി ഉൾപ്പെടെ ഏഴുപേരെ പൊലീസ് പിടികൂടി. 2018 ജനുവരിയിലാണ് പ്രണയും അമൃതവർഷിണിയും തമ്മിലുള്ള വിവാഹം നടന്നത്. പട്ടികജാതിക്കാരനായ യുവാവിനെ മകൾ വിവാഹം ചെയ്‌തതിനോട് അമൃതവർഷിണിയുടെ വീട്ടുകാർക്കും ബന്ധുക്കൾക്കും എതിർപ്പായിരുന്നു.

തെലങ്കാനിയിൽ കഴിഞ്ഞ ഡിസംബറിൽ അന്യജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്‌തതിനെ തുടർന്ന് 22കാരിയെ മാതാപിതാക്കൾ തല്ലിക്കൊന്ന് കത്തിച്ചിരുന്നു. അനുരാധ എന്ന യുവതിയെയാണ് പിതാവ് സത്തയ്യയും ഭാര്യ ലക്ഷ്‌മിയും സഹോദരങ്ങളും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.