തിരുവനന്തപുരം: കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള അതിവേഗ റെയിൽപാതയുടെ നിർമ്മാണം ഈ വർഷം ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെ പറഞ്ഞു. 515 കിലോ മീറ്റർ പാതയ്ക്ക് 55,000 കോടി രൂപയാണ് ചെലവ് വരിക. ഇത് പൂർത്തിയായാൽ നാല് മണിക്കൂറിനുള്ളിൽ കാസർകോട് തിരുവനന്തപുരം യാത്ര സാദ്ധ്യമാകും. കേന്ദ്ര- സംസ്ഥാന സർക്കാർ പങ്കാളിത്തത്തോടെ കെ.ആർ.ഡി.സിയാണ് പാത നിർമ്മിക്കുക.
കേരളം നേരിട്ട രണ്ടാം ദുരന്തം ശബരിമല പ്രക്ഷോഭമാണെന്ന ആമുഖത്തോടെ തുടങ്ങിയ തോമസ് ഐസകിന്റെ ബഡ്‌ജറ്റ് പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. പ്രളയാനന്തര കേരളം നിർമിക്കാൻ കേരളം സാമ്പത്തിക സഹായം തേടിയപ്പോൾ അതിനോട് മുഖം തിരിച്ച കേന്ദ്രസർക്കാർ കേരളത്തോട് ക്രൂരത കാട്ടിയെന്ന് തോമസ് ഐസക് പറഞ്ഞു. രണ്ട് മാസത്തെ ചർച്ചകൾക്ക് ശേഷം കേരളത്തിനുള്ള സാമ്പത്തിക സഹായത്തിൽ 1800 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. ഇത് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. വായ്പാ പരിധി ഉയർത്തണമെന്നാവശ്യപ്പട്ടിട്ടും അത് അംഗീകരിച്ചില്ല. സൗഹൃദ രാജ്യങ്ങൾ നൽകിയ സഹായം പോലും വാങ്ങാൻ അനുവദിച്ചില്ലെന്നും തോമസ് ഐസക് പറഞ്ഞു.
പിണറായി വിജയൻ സർക്കാരിന്റെ നാലാമത്തെ ബഡ്ജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബഡ്ജറ്റുമാണ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്നത്.