ന്യൂഡൽഹി: വികസന പ്രവർത്തനങ്ങൾക്കും തൊഴിലധിഷ്ഠിത പദ്ധതികൾക്കും കേന്ദ്രസർക്കാർ പദ്ധതികൾ മുന്നോട്ടു വയ്‌ക്കുമ്പോഴും ഇവയിൽ ചുരുക്കം ചിലത് മാത്രമാണ് പ്രാവർത്തികമാകുന്നതെന്ന് റിപ്പോർട്ട്.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ തൊഴിലില്ലായ്‌മ 45 വർഷത്തെ കൂടിയ നിരക്കിലാണെന്ന് എൻ.എസ്.എസ്.ഒ (നാഷണൽ സാമ്പിൾ സർവെ ഓർഗനെെസേഷൻ)യുടെ കണക്കുകൾ സൂചിപ്പിക്കുന്നു. സർക്കാരിന് സമർപ്പിച്ചിരുന്നുവെങ്കിലും പുറത്തുവിടാത്ത ഈ റിപ്പോർട്ടിലെ വിവരങ്ങൾ ഒരു ദേശീയ മാദ്ധ്യമമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ(എൻ.എസ്.സി) അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അതും പുറത്തുവിട്ടിരുന്നില്ല. അതേസമയം, കേന്ദ്രസർക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനു തൊട്ടു മുമ്പ് റിപ്പോർട്ട് പുറത്തുവിട്ടത് കേന്ദ്ര സർക്കാരിന് വൻ തിരിച്ചടിയാകും. 2011-12ൽ തൊഴിലില്ലായ്‌മ നിരക്ക് 2.2 ശതമാനമായിരുന്നു. 2017-2018ൽ 6.1 ശതമാനമായി. ഗ്രാമ പ്രദേശത്തെക്കാളും നഗര പ്രദേശങ്ങളിലാണ് തൊഴിലില്ലായ്‌മ കൂടുതലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, രാജ്യത്തെ തൊഴിലും തൊഴിലില്ലായ്മയും വ്യക്തമാക്കുന്ന സ്ഥിതിവിവരക്കണക്ക് പുറത്തുവിടാത്തതിനെ തുടർന്ന് സ്ഥിതിവിവര കമ്മിഷൻ അംഗങ്ങൾ രാജിവെച്ചത് വിവാദമായിരുന്നു. 2017-18ലെ വാർഷിക സർവെ റിപ്പോർട്ട് പ്രസിദ്ധീകരിക്കാതെ പിടിച്ചുവെച്ചതിൽ പ്രതിഷേധിച്ചാണ് ദേശീയ സ്ഥിതിവിവര കമ്മിഷൻ (എൻ.എസ്.സി) ആക്ടിംഗ് ചെയർപേഴ്സണും അംഗവും രാജിവച്ചത്. തൊഴിൽ സ്ഥിതിവിവര കണക്ക് വിദഗ്ധനായ പി.സി. മോഹനനും പ്രഫസർ ജെ.വി മീനാക്ഷിയുമാണ് രാജിവച്ചത്. നിരവധി ഭരണഘടനാ സ്ഥാപനങ്ങൾ തകർത്ത മോദി സർക്കാർ രാജ്യത്തെ മറ്റൊരു സ്ഥാപനത്തെക്കൂടി നശിപ്പിക്കുന്നതിന്റെ തെളിവാണ് ഇതെന്ന് രാജിക്ക് പിന്നാലെ കോൺഗ്രസ് ആരോപിച്ചു.
ദേശീയ സ്ഥിതിവിവര കമ്മിഷന്റെ മരണത്തിൽ അനുശോചിക്കുകയാണെന്ന് മുൻ ധനമന്ത്രികൂടിയായ പി. ചിദംബരം പറഞ്ഞു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തെയും തൊഴിൽ അവസരങ്ങളെയും കുറിച്ച് വെള്ളം ചേർക്കാത്ത സ്ഥിതിവിവരം നൽകാൻ പോരാടിയ കമ്മിഷനെ രാജ്യം ഓർക്കുമെന്ന് ചിദംബരം കൂട്ടിച്ചേർത്തു. സർക്കാറിനെ രക്ഷിക്കാൻ ദുർഭരണത്തിന്റെ മുഴുവൻ സ്ഥിതിവിവര കണക്കും നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ കുറ്റപ്പെടുത്തി. സർക്കാരിന്റേതല്ലാത്ത എല്ലാ സ്വതന്ത്ര അംഗങ്ങളും കമ്മിഷനിൽനിന്ന് രാജിവെച്ചുവെന്നും അഹമ്മദ് പട്ടേൽ പറഞ്ഞു.