india-new-zealand

ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റിന് തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 30.5 ഓവറിൽ 92 റൺസിന് പുറത്തായി. 212 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ന്യൂസീലൻഡ് ലക്ഷ്യത്തിലെത്തി. ബാറ്റിംങ്ങിൽ മാർട്ടൻ ഗപ്റ്റിൽ (14), കെയ്ൻ വില്യൻസൺ (11) എന്നിവർ പുറത്തായെങ്കിലും ഹെൻറി നിക്കോൾസ് (42 പന്തിൽ 30), റോസ് ടെയ്‌ലർ (25 പന്തിൽ 37) എന്നിവർ ചേർന്ന് കിവീസിനെ വിജയത്തിലെത്തിച്ചു. മൂന്നാം വിക്കറ്റിൽ നിക്കോൾസ്–ടെയ്‍ലർ സഖ്യം 53 റൺസ് കൂട്ടിച്ചേർത്തു.

നേരത്തെ ഇന്ത്യ 92 റൺസിന് പുറത്തായി. 37 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 18 റൺസുമായി പുറത്താകാതെ നിന്ന യുസ്‍വേന്ദ്ര ചാഹലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഏകദിനത്തിൽ ചാഹലിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. നായകൻ കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാൽ പകരം രോഹിത് ശർമ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇന്നിറങ്ങിയത്. കേദർ ജാദവും ഭുവനേശ്വർ കുമാറും ഓരോ റൺ വീതം നേടി ക്രീസ് വിട്ടു. 200–ാം ഏകദിനം കളിക്കാനിറങ്ങിയ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശർമ (23 പന്തിൽ ഏഴ്), സഹ ഓപ്പണർ ശിഖർ ധവാൻ (20 പന്തിൽ 13), അമ്പാട്ടി റായുഡു (പൂജ്യം), ദിനേഷ് കാർത്തിക് (പൂജ്യം), അരങ്ങേറ്റ മൽസരം കളിക്കുന്ന ശുഭ്മാൻ ഗിൽ (ഒൻപത്), കേദാർ ജാദവ് (ഒന്ന്), ഭുവനേശ്വർ കുമാർ (ഒന്ന്), ഹാർദിക് പാണ്ഡ്യ (16) എന്നിവരാണ് പുറത്തായത്.