tomin-j-thachankari

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ചെയർമാൻ കം മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് നിന്ന് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയെ മാറ്റാൻ തീരുമാനിച്ച സർക്കാർ നടപടിയെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ ജയശങ്കർ രംഗത്ത്.

കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ അവതരിച്ച ദേവദൂതനായിരുന്നു ടോമിൻ തച്ചങ്കരിയെന്ന് ജയശങ്കർ പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ ലാഭം കൂടിയാലും പ്രശ്നമാണെന്നും അതുകൊണ്ടാണ് മന്ത്രിസഭ അജണ്ടയിൽ പെടുത്താതെ തച്ചങ്കരിയെ പറഞ്ഞു വിടാൻ തീരുമാനിച്ചതെന്നും ജയശങ്കർ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.

"ദൈവദത്തമായ അധികാരം ഉപയോഗിച്ച് ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി, ഡബിൾ ഡ്യൂട്ടി സിംഗിൾ ഡ്യൂട്ടിയാക്കി, ചർച്ചയ്ക്കു വന്ന യൂണിയൻ നേതാക്കളെ ഊശിയാക്കി, ഗതാഗത മന്ത്രിയെ അവഗണിച്ചു, വകുപ്പ് സെക്രട്ടറിയെ തൃണവൽഗണിച്ചു. എല്ലാത്തിനും മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്നു ഭാവിച്ചു. എന്തായാലും തച്ചങ്കരിയുടെ പുതിയ തസ്തിക തീരുമാനിച്ചിട്ടില്ല. ചിലപ്പോൾ ലോക്നാഥ ബെഹറ വിരമിക്കുന്ന മുറയ്ക്ക് സംസ്ഥാന പൊലീസ് മേധാവിയാകാൻ സാദ്ധ്യതയുണ്ടെന്നും ജയശങ്കർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കെഎസ്ആർടിസിയെ രക്ഷിക്കാൻ അവതരിച്ച ദേവദൂതനായിരുന്നു ടോമിൻ തച്ചങ്കരി.

ദൈവദത്തമായ അധികാരം ഉപയോഗിച്ച് ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി, ഡബിൾ ഡ്യൂട്ടി സിംഗിൾ ഡ്യൂട്ടിയാക്കി, ചർച്ചയ്ക്കു വന്ന യൂണിയൻ നേതാക്കളെ ഊശിയാക്കി, ഗതാഗത മന്ത്രിയെ അവഗണിച്ചു, വകുപ്പ് സെക്രട്ടറിയെ തൃണവൽഗണിച്ചു. എല്ലാത്തിനും മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്നു ഭാവിച്ചു.

കെഎസ്ആർടിസി ലാഭത്തിലേക്കു കുതിക്കുന്നു എന്ന് പത്രങ്ങളിൽ വാർത്ത കൊടുപ്പിച്ചു. കോർപ്പറേഷൻ്റെ വരുമാനം കൊണ്ട് ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിൽ അഭിമാനം പ്രകടിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിട്ടു.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. മന്ത്രിസഭ അജണ്ടയിൽ പെടുത്താതെ തച്ചങ്കരിയെ പറഞ്ഞു വിടാൻ തീരുമാനിച്ചു: കെഎസ്ആർടിസിയുടെ ലാഭം കൂടിയാലും പ്രശ്നമാണ്.

തച്ചങ്കരിയുടെ പുതിയ തസ്തിക തീരുമാനിച്ചിട്ടില്ല. ലോകനാഥ ബെഹറ വിരമിക്കുന്ന മുറയ്ക്ക് സംസ്ഥാന പോലീസ് മേധാവിയാകാൻ സാധ്യത.